99-ാമത് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ: അഗ്നിയില്‍ സ്ഫുടം ചെയ്ത് പുറത്ത് വരിക- റവ. പാസ്റ്റർ സി സി തോമസ്
മുളക്കുഴ: മനുഷ്യ ജീവിതം കഷ്ടതകള്‍ നിറഞ്ഞതാണ്. ലോകത്തില്‍ കഷ്ടപ്പെടാതെ ഒരു മനുഷ്യനും ജീവിക്കുന്നില്ല. ലോകം അതിഭയങ്കരമായ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഈ കാലഘട്ടത്തില്‍, ദൈവവിശ്വാസത്തോടെ പ്രതിസന്ധികളെ അതിജീവിക്കുവാന്‍ നമുക്ക് കഴിയണം. ഒരോ കഷ്ടതകളും ദൈവീകം എന്ന് തിരിച്ചറിഞ്ഞ് ആ കഷ്ടതകളില്‍ നമ്മിലെ അശുദ്ധിയെ മാറ്റി പൊന്ന് തീയില്‍ ശുദ്ധികരിക്കപ്പെട്ട് കീടം നീക്കി പുറത്ത് വരുന്നതുപോലെ നാമും ആയിത്തീരേണ്ടതാണ് എന്ന് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് പ്രസ്താവിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ലോകചരിത്രം നോക്കിയാല്‍ ജീവിതത്തില്‍ വിജയിച്ചവരെല്ലാം പ്രതിസന്ധിഘട്ടങ്ങളില്‍ ദൈവത്തില്‍ ആശ്രയിച്ചവരും ദൈവത്തെ വിശ്വസിച്ചവരുമാണ് എന്ന് കാണാമെന്നും, അവരെല്ലാം അഗ്നി സമാനമായ ശോധനകളില്‍ സ്ഫുടം ചെയ്ത് പുറത്ത് വന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പാസ്റ്റര്‍ ജെ. ജോസഫ് സ്വാഗതപ്രസംഗം നടത്തി. പാസ്റ്റര്‍ സാംകുട്ടി മാത്യു സങ്കീര്‍ത്തനം വായിച്ചു. ഡോക്ടര്‍ ഷിബു കെ. മാത്യു ദൈവവചന ശുശ്രൂഷ നിര്‍വ്വഹിച്ചു. പാസ്റ്റര്‍മാരായ ഫിന്നി ജോസഫ്, പി.എ. ജെറാള്‍ഡ്, ജോണ്‍സന്‍ ദാനിയേല്‍, വി.പി. തോമസ്, ബാബു ചെറിയാന്‍, ബ്രദര്‍ സി.പി. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.നാളെ വെള്ളിയാഴ്ച
പാസ്റ്റര്‍ റ്റി.എം മാമച്ചന്‍ അദ്ധ്യക്ഷത വഹിക്കുന്ന കൺവൻഷനിൽ
പാസ്റ്റര്‍മാരായ അനീഷ് ഏലപ്പാറ, ജെയ്സ് പാണ്ടനാട്, പി. സി. ചെറിയാന്‍ തുടങ്ങിയവർ പ്രസംഗിക്കും