99-ാമത് ചർച്ച് ഓഫ് ഗോഡ്‌ ജനറൽ കൺവൻഷൻ: ‘സ്ഥിരതയാണ് യഥാർത്ഥ ആത്മീകതയുടെ ലക്ഷണം’- പാസ്റ്റർ ജെയ്സ് പാണ്ടനാട്

0



മുളക്കുഴ: സ്ഥിരതയാണ് യഥാർഥ ആത്മീകതയുടെ ലക്ഷണമെന്ന് പാസ്റ്റർ ജെയ്സ് പാണ്ടനാട്. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷൻ്റെ രണ്ടാം ദിനം “വിശ്വാസത്തിൻ്റെ പരിശോധന” ( യാക്കോബ്:1:3) എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിശോധനയിൽ കഷ്ടതകൾ ബാഹ്യമായി ആരംഭിച്ച് അകത്തെ ശുദ്ധീകരിക്കുകയും നമ്മെ കൊള്ളാകുന്നവരായി തെളിയിച്ചു, പുറത്ത് കൊണ്ടുവരുന്നു. പരീക്ഷകൾ അകത്തുനിന്ന് ആരംഭിച്ച്, അകത്തെ മലിനപ്പെടുത്തി ബാഹ്യമായി കഷ്ടത നൽകുകയും ചെയ്യുന്നു. ബാലശിക്ഷ മനസാക്ഷിയിൽ തെറ്റ് കണ്ടുപിടിച്ചു മടങ്ങിവരാത്തവരിൽ ദൈവകൃപ ഇടപെട്ട് നൽകുന്ന ശിക്ഷണം ആണ്. ദൈവം പരിശോധന അനുവദിക്കുന്നു. സാത്താൻ പരീക്ഷിക്കുന്നു. ദൈവം ആരെയും തിൻമകളാൽ പരീക്ഷിക്കുന്നില്ല. ദുർമ്മോഹത്താൽ ആകർഷിക്കപ്പെട്ട്, കുടുക്കിൽ പെടുന്നതാണ് പരീക്ഷ. നമ്മിലെ സ്വാഭാവിക ആഗ്രഹങ്ങൾ സാത്താൻ ഉപയോഗിക്കുന്ന ഇരയെ തേടിയെത്തും. മോഹം ചതിയിലും വഞ്ചനയിലും അനുസരണക്കേടിലും മരണത്തിലും കലാശിക്കുന്നു. പരിശോധന ശുദ്ധീകരണത്തിലും നന്മയിലും പക്വതയും എത്തിച്ചേരുന്നു.
പരിശോധനയുടെ ഉത്പാദന വസ്തു സ്ഥിരതയാണ്. അതിൻ്റെ ആത്യന്തിക ഫലം നാം പൂർണരും തികഞ്ഞവരും ഒന്നിനും കുറവില്ലാത്തവരും ആയിത്തീരുക എന്നതാണ്.
പരിശോധനയിൽ ഇരുമനസുള്ളവരും സംശയിക്കുന്നവരും ആയിക്കൂടാ. സാഹചര്യങ്ങളെ, കഷ്ടതയുടെ ഉറവിടം, കാരണം ഇവ വിവേചിക്കാൻ ഉയരത്തിൽ ജ്ഞാനം ആവശ്യമാണ്. ജ്ഞാനത്തിൻ്റെ ശരിയായ ഉപയോഗമാണ് പരിജ്ഞാനം. സകല നന്മകളും ദൈവത്തിൽനിന്നും വരുന്നു. തിന്മകൾ സാത്താനിൽ നിന്നും. ദൈവം മാറാത്തവൻ ആണ്. തനിക്ക് ചീത്തയാകാൻ കഴിയില്ല. ദൈവത്തിൻ്റെ നന്മകളെ സംശയിക്കുന്നവർ സാത്താൻ്റെ വാഗ്ദാനങ്ങളിൽ ആകർഷിക്കപ്പെടുന്നു. സാത്താൻ്റെ ഇരയിൽ കുടുങ്ങി രസിക്കുന്നു. സാത്താൻ്റെ വിലപേശലിൽ സ്വാധീനിക്കപ്പെടുന്നു. ദുരാഗ്രഹങ്ങൾ ഇരയെ സ്വീകരിക്കുന്നതിനുള്ള വഴിയൊരുക്കുന്നു. ഇതിനെയെല്ലാം അതിജീവിക്കാൻ പഴയ ജനനം പോരാ സത്യത്തിൻ്റെ വചനത്താലുള്ള പുതുജനജനനം ആവശ്യമാണ്. വചനത്തിൻ്റെ കേൾവി, ആചരണം, ഉൾനട്ട വചനത്തിൻ്റെ ശാക്തീകരണം എന്നിവ പ്രലോഭനങ്ങളെ അതിജീവിക്കാൻ ആവശ്യമാണ്.
പ്രതികൂലങ്ങളിൽ പുലർത്തുന്ന അസഹിഷ്ണുത, പ്രായോഗിക ജീവിതത്തിലെ പാളിച്ചകൾ,നാവിൻ്റെ നിയന്ത്രണക്കുറവ്, കലഹവും ദുരാഗ്രഹവും ഭൗതീക അഭിനിവേശം തുടങ്ങിയവ ആത്മീക പക്വതക്കുറവിൻ്റെ ലക്ഷങ്ങളാണ്. ആത്മീക പക്വത സ്ഥിരതയാണ്.
ഇയ്യോബിൻ്റെ സഹനം സ്ഥിരോൽസാഹത്തിൻ്റെ ഉത്തമ ഉദാഹരണമാണ്. ഇയ്യോബിൻ്റെ ധർമ്മബോധം പരീക്ഷിക്കാൻ ദൈവം സാത്താനെ അനുവദിക്കുന്നു. പിശാചിൻ്റെ ക്രൂരമായ വിചാരണകൾ ഇയ്യോബിൻ്റെ ജീവിതത്തെ അപകടപ്പെടുത്തി. ലാഭമാണ് ആത്മീകതയുടെ അടിസ്ഥാനം എന്ന പിശാചിൻ്റെ വാദം ദൈവം പൊളിച്ചു. ഇയ്യോബിൻ്റെ വേലി പൊളിച്ചുമാറ്റി. സമ്പത്ത്, മക്കൾ, ആരോഗ്യം, ഭാര്യയുടെ പിന്തുണ, കൂട്ടുകാരുടെ സാന്നിദ്ധ്യം ഇവ നഷ്ട്ടമായി. പ്രശ്നത്തിൻ്റെ സങ്കീർണതയുടെ നടുവിൽ ദൈവത്തിൻ്റെ ദീർഘമായ മൗനം വേദനകളെ കൂടുതൽ കലുഷിതമാക്കി. ഈ പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും ഇയ്യോബ് ഭക്തി മുറുകെ പിടിച്ചു. ദൈവത്തിന് വിരോധമായി ആക്ഷേപം ഉന്നയിച്ചില്ല. ” എൻ്റെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നു” എന്ന ബോധ്യത്തിൽ ഉറച്ചുനിന്നു. പരിശോധനയിൽ പൊന്നുപോലെ തെളിഞ്ഞു പുറത്ത് വരുന്നതാണ് യഥാർഥ ഭക്തി. മകനെ അർപ്പിച്ചതിലൂടെ അബ്രഹാമിൻ്റെ വിശ്വാസം പൂർണമായി. വിശ്വാസത്തിൻ്റെ ഏറ്റൂപറച്ചിൽ മഴമേഘങ്ങളെ തടഞ്ഞു. ദീനക്കാരെ സൗഖ്യമാക്കി. സഹനവും സ്ഥിരതയുമാണ് ശരിയായ ആത്മീകതയുടെ ലക്ഷണം.
വിശ്വാസത്തിൻ്റെ വളർച്ചക്ക് വിശ്വാസം ഏറ്റ് പറയണം, പരിശോധനയ്ക്ക് വിധേയപ്പെടുത്തണം, പ്രാവർത്തീകമാക്കണം. പീഡനങ്ങളിൽ പതറാത്ത സഭയാണ് ആത്മീക പക്വത വെളിപ്പെടുത്തുന്ന ആരോഗ്യമുള്ള സഭ, പാസ്റ്റർ ജെയ്സ് പാണ്ടനാട് വിശദീകരിച്ചു

You might also like