യൂറോപ്പിലെ സ്ഥിതി അന്താരാഷ്ട്ര ക്രമത്തിന് വെല്ലുവിളി; ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി
യൂറോപ്പിലെ സമീപകാല സംഭവവികാസങ്ങൾ അന്താരാഷ്ട്ര ക്രമത്തിന് വെല്ലുവിളി ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിംസ്റ്റെക് സെക്രട്ടേറിയറ്റിന്റെ പ്രവർത്തന ബജറ്റ് വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ ഒരു മില്യൺ ഡോളർ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അഞ്ചാമത് ബിംസ്റ്റെക് (Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation) ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ തലത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കേണ്ടതുണ്ട്. ബിംസ്റ്റെക് രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു. ബിംസ്റ്റെക് രാജ്യങ്ങളുമായി കുറ്റകൃത്യ നിയന്ത്രണത്തിനായി ഉഭയകക്ഷി സമ്മതപ്രകാരം കരാർ ഒപ്പുവയ്ക്കണം. നളന്ദ സർവകലാശാലയുടെ ബിംസ്റ്റെക് സ്കോളർഷിപ്പ് പ്രോഗ്രാം വ്യാപിപ്പിക്കാൻ തീരുമാനിച്ചതായും മോദി കൂട്ടിച്ചേർത്തു.