അഞ്ചു ദിവസത്തെ യുഎഇ സന്ദർശനം; സ്റ്റാലിൻ തമിഴ്‌നാട്ടിലെത്തിച്ചത് 6100 കോടിയുടെ നിക്ഷേപം
ചെന്നൈ: അഞ്ചു ദിവസത്തെ യുഎഇ സന്ദർശനത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഒപ്പുവച്ചത് 6100 കോടി രൂപയുടെ നിക്ഷേപ കരാറുകളില്‍. ആറ് പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായാണ് സ്റ്റാലിൻ ധാരണാപത്രം ഒപ്പുവച്ചത്. സന്ദർശനം വിജയകരമായിരുന്നുവെന്നും ഇതുവഴി 14,700 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റാലിൻ പറഞ്ഞു. മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പുമായി 3500 കോടിയുടെ കരാറിലാണ് ഒപ്പുവച്ചത്. 2500 കോടി നിക്ഷേപത്തിൽ രണ്ട് ഷോപ്പിങ് മാളുകളും ആയിരം കോടിയുടെ കയറ്റുമതി അധിഷ്ഠിത ഭക്ഷ്യസംസ്‌കരണ ശാലയും ലുലു സംസ്ഥാനത്ത് സ്ഥാപിക്കും. ചെന്നൈയിലെ ലുലു ഷോപ്പിങ് മാൾ 2024ൽ പ്രവർത്തനമാരംഭിക്കും. കോയമ്പത്തൂരിൽ ഹൈപ്പർ മാർക്കറ്റ് ഈ വർഷം അവസാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.