
രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്
ദുബൈ: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആശങ്ക പകർന്ന് രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വവും ഗൾഫ് മേഖലയിലെ സംഘർഷങ്ങളും രൂപയുടെ നട്ടെല്ലൊടിക്കുകയാണ്. വിനിമയ നിരക്കിൽ റെക്കോർഡ് നേട്ടമാണ് ഗൾഫ് കറൻസികൾ സ്വന്തമാക്കുന്നത്. ഒപ്പം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയും കുതിച്ചുയരുകയാണ്.
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി ഒരു യുഎസ് ഡോളറിന് 95.83 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇതോടെ ഗൾഫ് രാജ്യങ്ങളിലെ കറൻസി നിരക്കുകളും റെക്കോർഡ് ഉയരത്തിലെത്തി. യുഎഇ ദിർഹം (1 AED): 26.09 രൂപ, സൗദി റിയാൽ (1 SAR): 25.53 രൂപ, കുവൈത്ത് ദിനാർ (1 KWD): 310.80 രൂപ, ഒമാൻ റിയാൽ (1 OMR): 249.11 രൂപ, ഖത്തർ റിയാൽ (1 QAR): 26.28 രൂപ, ബഹ്റൈൻ ദിനാർ (1 BHD): 254.19 രൂപ എന്നിങ്ങനെയാണ് വിനിമയ നിരക്ക്. ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സംഘർഷങ്ങളാണ് മാറ്റത്തിന് പ്രധാന കാരണം.
സംഘർഷം കടുക്കുമെന്ന ഭീതിയിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. എണ്ണവില ഉയരുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിപ്പിക്കുകയാണ്. ഇറക്കുമതിക്കായി കൂടുതൽ ഡോളർ കണ്ടെത്തേണ്ടി വരുന്നത് രൂപയുടെ മൂല്യം ഇനിയും ഇടിയാൻ കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.
