
മെഡിക്കൽ പ്രവേശനത്തിന് പ്ലസ് ടു മാർക്ക് മാനദണ്ഡമാക്കണം; നീറ്റിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കി തമിഴ്‌നാട്
ചെന്നൈ: നീറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ. നീറ്റ് പരീക്ഷ സാമൂഹിക നീതിക്കും സമത്വത്തിനും സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രി കെ. അരുൺരാജ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.
ഭരണകക്ഷിയായ ഡി.എം.കെ, പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ, കോൺഗ്രസ്, പി.എം.കെ, ഡി.എം.ഡി.കെ, ഇടത് പാർട്ടികൾ തുടങ്ങിയ പ്രമുഖ കക്ഷികളെല്ലാം പ്രമേയത്തിന് പിന്തുണ നൽകി. എന്നാൽ, പ്രമേയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി.യുടെ ഏക എം.എൽ.എ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള ഏകീകൃത നീറ്റ് പരീക്ഷ ഒഴിവാക്കി, പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നതിന് ആവശ്യമായ കേന്ദ്ര നിയമഭേദഗതികൾ വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.
