രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിറ്റഴിക്കല്‍ ഇടപാടിന് അംഗീകാരം; കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്ക് കാനഡയുടെ ഫെയര്‍ഫാക്‌സിന് സ്വന്തം

0

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെയും എല്‍ഐസിയുടെയും നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികള്‍ കാനഡ ആസ്ഥാനമായുള്ള ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന് വില്‍ക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഔദ്യോഗിക അനുമതി നല്‍കി. 52,878 കോടി രൂപയുടെ ഈ ഇടപാട് രാജ്യത്തെ ധനകാര്യ മേഖലയിലെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ വിദേശ നിക്ഷേപത്തിനാണ് വഴിതുറക്കുന്നത്. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിന് ശേഷം സര്‍ക്കാര്‍ നിയന്ത്രണത്തിലുണ്ടായിരുന്ന ഒരു സ്ഥാപനത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിറ്റഴിക്കലാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയുടെ ഈ നിര്‍ണായക തീരുമാനത്തോടെ അഞ്ച് വര്‍ഷത്തിലേറെയായി നീണ്ടുനിന്ന സങ്കീര്‍ണ്ണമായ നടപടികള്‍ക്കാണ് അന്തിമ രൂപമായത്. ഓഹരി വിറ്റഴിക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ നിയന്ത്രണം ഫെയര്‍ഫാക്‌സിന് കൈമാറും. അതേസമയം സര്‍ക്കാരും എല്‍ഐസിയും ചേര്‍ന്ന് ബാങ്കില്‍ 34 ശതമാനം ഓഹരികള്‍ തുടര്‍ന്നും നിലനിര്‍ത്തുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ഫെയര്‍ഫാക്‌സിന് കൈമാറുന്ന 60.72 ശതമാനം ഓഹരികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ 30.48 ശതമാനവും എല്‍ഐസിയുടെ 30.24 ശതമാനം ഓഹരികളുമാണ് ഉള്‍പ്പെടുന്നത്. നിലവില്‍ എല്‍ഐസിക്ക് 49.24 ശതമാനവും കേന്ദ്ര സര്‍ക്കാരിന് 45.48 ശതമാനവും ഉള്‍പ്പെടെ ആകെ 94.71 ശതമാനം ഓഹരികളാണ് ഈ സ്ഥാപനങ്ങളുടെ കൈവശമുള്ളത്. ഇടപാടിന് ശേഷം എല്‍ഐസിക്ക് ഏകദേശം 19 ശതമാനവും കേന്ദ്ര സര്‍ക്കാരിന് 15 ശതമാനവും ഓഹരികള്‍ മാത്രമായി ചുരുങ്ങും

You might also like