അമേരിക്കയുമായി മനുഷ്യാവകാശ വിഷയം ചർച്ചയായില്ല; രാഷ്ട്രീയവും പ്രതിരോധവും ചർച്ചയായെന്നും വിദേശകാര്യ മന്ത്രി
ദില്ലി: മനുഷ്യാവകാശ വിഷയത്തിൽ അമേരിക്കയുമായി ചർച്ച ഉണ്ടായിട്ടില്ലെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ. രാഷ്ട്രീയ പ്രതിരോധ വിഷയങ്ങളിലാണ് ചർച്ച നടത്തിയത്. ആളുകൾക്ക് ഇന്ത്യയെ കുറിച്ച് അഭിപ്രായം പറയാൻ അവകാശമുണ്ട്. എന്നാൽ അഭിപ്രായം പറയുന്നവരുടെ താൽപര്യങ്ങളെ കുറിച്ച് പറയാൻ ഇന്ത്യക്കും അവകാശമുണ്ട് എന്നും മന്ത്രി പറഞ്ഞു.
മനുഷ്യാവകാശ വിഷയത്തിൽ ചർച്ച ഉണ്ടായാൽ നിലപാട് പറയാൻ ഇന്ത്യക്ക് വിമുഖത ഇല്ല. അമേരിക്കയിലെ ആളുകളുടെ മനുഷ്യാവകാശങ്ങളിൽ അടക്കം ഇന്ത്യക്ക് നിലപാട് ഉണ്ട് എന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ കൂടുന്നുവെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇന്നലെ വിമർശിച്ചിരുന്നു.
യുക്രൈൻ വിഷയത്തിൽ ചൈനയുടേയും ഇന്ത്യയുടേയും നിലപാടുകളെ പറ്റി അമേരിക്ക മനസ്സിലാക്കുന്നുണ്ട്. ചൈനീസ് വിദേശകാര്യമന്ത്രിയുമായി യുക്രൈൻ വിഷയത്തിൽ ചർച്ച നടത്തി. വാങ് യി ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ ചർച്ചയായത്. യുക്രെയിനിൽ ചർച്ചയിലൂടെ തന്നെ പരിഹാരം കണ്ടെത്തണം എന്നാണ് ഇന്ത്യയുടെ നിലപാട്. യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിർദേശങ്ങൾ ഒന്നും അമേരിക്കയോട് പങ്കു വെച്ചിട്ടില്ല. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി എന്തൊക്കെ ചെയ്യാം എന്നതാണ് പ്രധാനമായും അമേരിക്കയുമായി ചർച്ച ചെയ്തത് എന്നും മന്ത്രി പറഞ്ഞു. യുക്രൈൻ വിഷയത്തിൽ ചൈനയുടെയും ഇന്ത്യയുടെയും വ്യത്യസ്ത നിലപാടുകളിലുള്ള അമേരിക്കയുടെ പ്രതികരണം എങ്ങനെയെന്ന ചോദ്യത്തിന് ആയിരുന്നു മന്ത്രിയുടെ മറുപടി.