“അയ്യോ, ഞങ്ങളെ നിലത്തിറക്കണേ…’ ലാന്റ് ചെയ്യാനാവാതെ വലഞ്ഞ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍!
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന്, നിശ്ചയിച്ച വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ച് നാലു തവണ പരാജയപ്പെട്ട വിമാനത്തിനുള്ളില്‍ നാടകീയ രംഗങ്ങള്‍. ലാന്റ് ചെയ്യാന്‍ കഴിയാതെ കൊടുങ്കാറ്റിലും മഴയിലും ഇടിമിന്നലിലും പെട്ട് ആകാശത്തുതന്നെ നിലയുറപ്പിച്ച വിമാനത്തിലെ യാത്രക്കാരന് ‘ഞങ്ങളെ പുറത്തേക്കിറക്കണേ’ എന്നു പറഞ്ഞ് വിലപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ പിന്നീട് വൈറലായി മാറിയ ക്ലിപ്പില്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റ് യാത്രക്കാരുടെ ദൃശ്യങ്ങളുമുണ്ട്.
അമേരിക്കയിലാണ് സംഭവം. മെക്സിക്കോയിലെ കാന്കന് വിമാനത്താവളത്തില്‍നിന്നും അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള
ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ജെറ്റ് ബ്ലൂ 1852 വിമാനമാണ് കൊടുങ്കാറ്റിലും മഴയിലും പെട്ട് മണിക്കൂറുകളോളം നിലത്തിറങ്ങാനാവാതായത്. പ്രതികൂല കാലാവസ്ഥ വകവെയ്ക്കാതെ ലാന്റ് ചെയ്യാന്‍ പൈലറ്റ് നാലു തവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. കാലാവസ്ഥ മോശമായി തുടരുകയും ലാന്റിംഗ് അസാധ്യമാവുകയും ചെയ്തതിനെ തുടര്‍ന്ന് പിന്നീട്, ന്യൂ ജഴ്സിയിലെ നെവാര്‍ക്ക് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറക്കി. അതിനുശേഷം കാറും കോളും അടങ്ങിയപ്പോള്‍ വിമാനം വീണ്ടും ജെ എഫ് കെ വിമാനത്താവളത്തില്‍തന്നെ ഇറക്കി