‘പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കണം’; കേരളത്തിന് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം

0

ദില്ലി: കേരളം പ്രതിദിന കൊവിഡ് (Covid) കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിനെതിരെ കേന്ദ്രം. കൊവിഡ് കണക്കുകൾ കൃത്യമായി പുറത്തുവിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കണക്ക് പ്രസിദ്ധീകരിച്ചത് രാജ്യത്തെ ആകെ കൊവിഡ് കണക്കുകളെ ബാധിച്ചുവെന്നും കത്തിൽ പറയുന്നു. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടുകയാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ന് 90 ശതമാനം വർധനയാണുണ്ടായത്. ഇന്നലത്തെ 1150 എന്ന കണക്കിൽ നിന്ന് 2180 ആയി പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നു. ഇതിൽ 940 കേസുകളും കേരളത്തിലാണ്. അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കൊവിഡ് കണക്കുകൾ പുറത്ത് വിട്ടതാണ് രാജ്യത്തെയാകെ കൊവിഡ് കണക്ക് ഉയരാനിടയാക്കിയെന്ന് ചൂണ്ടികാണിച്ചാണ് ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചത്.

You might also like