ആശങ്കയ്ക്ക് അടിസ്ഥാനമില്ല; രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ
ദില്ലി : രാജ്യം ഇന്ധന പ്രതിസന്ധിയിലേക്കല്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നും ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്നും കേന്ദ്ര സർക്കാരുമായി അടുത്ത് നിൽക്കുന്ന ഉന്നത വൃത്തങ്ങൾ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. നിലവിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ 72.5 ദശലക്ഷം ടൺ കൽക്കരി ശേഖരമുണ്ട്.
രാജ്യത്തെ താപ വൈദ്യുതി നിലയങ്ങളിൽ 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ പ്രതിദിന കൽക്കരി ഉപയോഗം 2.1 ദശലക്ഷം ടണ്ണാണ്. ഇനിയും 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്ത് താപവൈദ്യുത നിലയങ്ങളിൽ തുടർന്നുവരുന്ന കൽക്കരി ക്ഷാമം, വരാനിരിക്കുന്ന വൻ വൈദ്യുതി പ്രതിസന്ധിയുടെ സൂചനയാണെന്ന് ഇന്നലെ ഓൾ ഇന്ത്യ പവർ എഞ്ചിനീയർസ് ഫെഡറേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വലിയ തോതിൽ ചർച്ചയായതോടെയാണ് കേന്ദ്രസർക്കാർ പ്രതികരണവുമായി രംഗത്ത് വന്നത്. സംസ്ഥാനങ്ങളിലെല്ലാം വൈദ്യുതി ഉപയോഗം വർദ്ധിച്ചതോടെ പല താപവൈദ്യുത നിലയങ്ങളും കൽക്കരി ക്ഷാമം നേരിടുന്നുണ്ടെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു.
കൽക്കരി ഇല്ലാതായതോടെ വൈദ്യുതി ഉൽപാദനം കുറഞ്ഞുവെന്നാണ് ഫെഡറേഷന്റെ വാദം. ഇതോടെ ആവശ്യത്തിന് വൈദ്യുതി കിട്ടാനില്ലാത്ത സ്ഥിതിയിലാണ് പല സംസ്ഥാനങ്ങളും ഉള്ളതെന്നും ഫെഡറേഷൻ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ രാജ്യം വലിയ വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഫെഡറേഷൻ വക്താവ് എകെ ഗുപ്ത പറഞ്ഞു.