തലസ്ഥാനത്തെ സ്മാ‍ര്‍ട്ട് റോഡ‍് നി‍ർമ്മാണം വൈകുന്നതിൽ ഉദ്യോഗസ്ഥ‍ര്‍ക്ക് മന്ത്രിമാരുടെ ശകാരം

0

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം വൈകുന്നതിൽ ഉദ്യോഗസ്ഥർക്ക് മന്ത്രിമാരുടെ ശകാരം. സർക്കാരിന്‍റെ പ്രതിച്ഛായയെ പോലും ബാധിക്കുന്ന രീതിയിൽ തലസ്ഥാനത്തെ വെട്ടിപൊളിച്ച റോഡുകളുടെ അവസ്ഥ മാറിയെന്ന് വി ശിവൻകുട്ടി ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞു. കരാറുകാരുടെ അനാസ്ഥയാണ് പൂർത്തീകരണം വൈകാൻ കാരണമെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

സ്മാർട്ടാക്കാൻ ശ്രമിച്ച് കുളമായി മാറിയതാണ് നഗര ഹൃദയത്തിലെ പല ഇടറോഡുകളുടെയും അവസ്ഥ. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടു ആസൂത്രണവും ഏകോപനവുമില്ലാതെയായിരുന്നു നിർമ്മാണം.ഇതിൽ ദുരിതത്തിലായത് ജനങ്ങളും. ഏഷ്യാനെറ്റ് ന്യൂസ് സ്മാര്‍ട്ടല്ല സിറ്റി വാര്‍ത്താ പരമ്പര അപാകതകളും പ്രശ്നങ്ങളും ഒന്നൊന്നായി പുറത്തുകൊണ്ടു വന്നിരുന്നു. വീഴ്ച പരിശോധിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടും കാര്യമായ വേഗമുണ്ടായില്ല.

ഒടുവിലാണ് മന്ത്രിമാരായ വി.ശിവൻകുട്ടിയും ആന്‍റണി രാജുവും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.മേയറും കളക്ടറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി ഉദ്യോഗസ്ഥരെ ശകാരിച്ചു. പ്രധാന റോഡുകളുടെ പണി ഇഴയുന്നത് കാരണം സർക്കാർ പോലും പഴികേട്ട് തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു.ഉദ്യോഗസ്ഥരുടെ ശ്രദ്ധ എത്താത്തതിലും അപകടന സൂചന ബോർഡ് സ്ഥാപിക്കാത്തതിലും പണി നടക്കുന്ന ഇടങ്ങൾ ജനങ്ങളെ അറിയിക്കാൻ പരസ്യം ചെയ്യാത്തതിലും വിമർശനമുയർന്നു.

You might also like