കൊവിഡ് തീർത്ത സാമ്പത്തിക നഷ്ടം, മറികടക്കാൻ ഇന്ത്യ ഒരു പതിറ്റാണ്ട് കാത്തിരിക്കണം: റിസർവ് ബാങ്ക് റിപ്പോർട്ട്

0

ദില്ലി‌: കൊവിഡിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ നഷ്ടം രാജ്യം 2035 സാമ്പത്തിക വർഷത്തിൽ മാത്രമേ നികത്തൂവെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്. 2019-20 സാമ്പത്തിക വർഷത്തിൽ തുടങ്ങിയ കൊവിഡ് പ്രതിസന്ധിയുടെ നഷ്ടം നികത്താൻ 15 വർഷം വേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട കറൻസി ആന്റ് ഫിനാൻസ് റിപ്പോർട്ട് 2022 ലാണ് ഇക്കാര്യം ഉള്ളത്.

2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച -6.6 ശതമാനമായിരുന്നു. 2021-22 ൽ രാജ്യം 8.9 ശതമാനം വളർച്ച നേടുമെന്നാണ് കരുതുന്നത്. 2022-23 വർഷത്തിൽ 7.5 ശതമാനമാണ് വളർച്ച പ്രതീക്ഷിക്കുന്നത്. വരും വർഷങ്ങളിലെല്ലാം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെങ്കിലും കൊവിഡ് കാലത്തെ സാമ്പത്തിക നഷ്ടം മറികടക്കാൻ സമയമെടുക്കും.

2021 സാമ്പത്തിക വർഷത്തിൽ 19.1 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിസർവ് ബാങ്കിന്റെ വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ 17.1 ലക്ഷം കോടി രൂപയുടെയും 2023 സാമ്പത്തിക വർഷത്തിൽ 16.4 ലക്ഷം കോടി രൂപയുടെയും നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2022 സാമ്പത്തിക വർഷത്തിലെ ജിഡിപി 147.54 ലക്ഷം കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്

You might also like