ജി.സി.സി രാജ്യങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം
അബുദാബി: യുഎഇയിലെ സ്വദേശികള്‍ക്ക് തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാം. ഇതിനായി പാസ്‍പോര്‍ട്ട് കൈയില്‍ കരുതേണ്ടതില്ല. നേരത്തെ ഈ സൗകര്യം ലഭ്യമായിരുന്നെങ്കിലും കൊവിഡ് കാലത്ത് യാത്രാ നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ പാസ്‍പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു.
പുതിയ യാത്രാ ഇളവ് യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റിയാണ് വെള്ളിയാഴ്‍ച പ്രഖ്യാപിച്ചത്. സമാനമായ തരത്തില്‍ മറ്റ് ജി.സി.സി രാജ്യങ്ങളിലെ സ്വദേശികള്‍ക്ക് തങ്ങളുടെ രാജ്യത്തെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യുഎഇയിലും പ്രവേശിക്കാനാവും. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുള്ള യാത്ര കൂടുതല്‍ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഇളവ് വീണ്ടും അനുവദിക്കുന്നതെന്ന് ഔദ്യോഗിക പ്രസ്‍താവന പറയുന്നു.