കുരങ്ങുപനി; ഇന്ത്യയിലും ജാഗ്രത, മാർഗനിർദേശം ഉടനെന്ന് ആരോഗ്യ മന്ത്രാലയം
ദില്ലി: ഗൾഫിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയും ജാഗ്രതയിലേക്ക്. നിലവിൽ രാജ്യത്ത് കേസുകൾ ഒന്നും ഇല്ലെങ്കിലും കുരങ്ങ് പനി അഥവാ മങ്കി പോക്സ് നേരിടാൻ ആരോഗ്യ മന്ത്രാലയം ഉടൻ മാർഗനിർദേശം പുറത്തിറക്കും. 19 രാജ്യങ്ങളിൽ ഇതിനോടകം കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത് ആകെ 131 പോസിറ്റീവ് കേസുകളാണുള്ളത്. 106 കേസുകളിൽ സ്ഥിരീകരണം ആയിട്ടില്ല. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിക്ക് യുഎഇയിൽ കുരങ്ങ് പനി സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയും ജാഗ്രതാ നടപടികളിലേക്ക് കടക്കുന്നത്. യുഎഇയിൽ പ്രവാസികൾ ഏറെയുള്ളത് കൂടി കണക്കിലെടുത്താണ് സർക്കാരിന്റെ മുൻകരുതൽ.