ഹവാല ഇടപാട് കേസ്; ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ കസ്റ്റഡിയിലെടുത്ത് ഇഡി

0

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ (Satyendar Jain) എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യാൻ വിളിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ സംഭവങ്ങൾക്ക് പിന്നാലെ ആംആദ്മി പാർട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് നടപടി.

കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയ പഞ്ചാബ് ആരോഗ്യമന്ത്രിയെ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്നെ പുറത്താക്കി ദിവസങ്ങൾക്കകമാണ് ദില്ലി ആരോഗ്യമന്ത്രിയെ കേന്ദ്ര ഏജന്‍സി പൊക്കിയത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ദില്ലിയില്‍ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.

You might also like