ഡിജിറ്റൽ ഇവാഞ്ചലിസത്തിന്റെ സാധ്യതകൾ തേടണം; പാസ്റ്റർ ജെയ്സ് പാണ്ടനാട്
കോട്ടയം: ദൃശ്യമാധ്യമങ്ങളുടെ ശൃംഖലാ പ്രവർത്തനങ്ങളെ സമർത്ഥമായി ഉപയോഗിച്ചും ശാസ്ത്ര സാങ്കേതിക വികാസങ്ങളെ കൃത്യമായ വിവേചനങ്ങളോട് കൂടി ഉപയോഗിച്ചും സുവിശേഷീകരണ പ്രക്രിയ ത്വരിതപ്പെടുത്തണമെന്ന് പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രസ്താവിച്ചു. ഐപിസി കോട്ടയം സൗത്ത് സെന്ററിന്റെ ഇവാഞ്ചലിസം ബോർഡ് ഇല്ലിമൂട്, ഐപിസി ബഥനി ചർച്ചിൽ സംഘടിപ്പിച്ച പ്രവർത്തന ഉത്ഘാടന സമ്മേളനത്തിൽ “ഫലപ്രദമായ സുവിശേഷീകരണം” എന്ന വിഷയത്തെ അധീകരിച്ച് മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് വെബ് ഇവാഞ്ചലിസത്തിന്റെ വിശാലമായ വഴികളെ സഭ കണ്ടെത്തണം. ഇ-മെയിൽ, ബ്ലോഗ്, വീഡിയോ, എസ് എം എസ്, പോഡ്കാസ്റ്റ് , വാട്ട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ക്ലബ്ഹൗസ് എന്നിവയെ സുവിശേഷീകരണത്തിന്റെ വേദിയായി മാറ്റണം.
ആശയപ്രചരണത്തിന്റെയും സംസ്കാരത്തിന്റെയും വിനിമയയോപാധി അച്ചടി മാധ്യമങ്ങളും സാഹിത്യവും മാത്രമല്ലെന്നും ദൃശ്യകല, ചിത്രകല, ചലച്ചിത്രം, ഡ്രാമ, ഡോക്യുമെന്ററി, ടെലിഫിലിം, കലാരൂപങ്ങൾ, സംഗീതം തുടങ്ങിയ സമാന്തര ആവിഷ്ക്കാര സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അതിനായി ഡിജിറ്റൽ ഇവാഞ്ചലിസ്റ്റ്കൾക്ക് പരിശീലനം നൽകണമെന്നും നൈപുണ്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് ഉത്ഘാടനം നിർവ്വഹിച്ചു. സുവിശേഷ പ്രചരണ പരിപാടികളിൽ കാലോചിതമായ പരിഷ്കരണം വേണമെന്ന് അദ്ദേഹം പറഞ്ഞു.
ഇവാഞ്ചലിസം ബോർഡ് പ്രസിഡന്റ് പാസ്റ്റർ റിൻസൺ എം തോമസ് അധ്യക്ഷത വഹിച്ചു. സെന്റർ സെക്രട്ടറി വിൻസി ജി ഫിലിപ്പ്, ഇവാ.ബോർഡ് വൈസ് പ്രസിഡണ്ട് പാസ്റ്റർ തോമസ് ചെറിയാൻ, സെക്രട്ടറി പാസ്റ്റർ പി വൈ ജോസഫ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജെയിംസ് എം മാത്യൂ, ട്രഷറാർ പാസ്റ്റർ ടീ യോഹന്നാൻ എന്നിവർ ആശംസകൾ അറിയിച്ചു.