ജൂലൈ 1 മുതൽ ഓസ്ട്രേലിയൻ മിനിമം വേതനത്തിൽ 5.2% വർദ്ധനവ്

0

ഓസ്ട്രേലിയൻ ഫെയർ വർക്ക് ഓംബുഡ്സമാനാണ് മിനിമം വേതനത്തിൽ 5.2 ശതമാനത്തിന്റെ വർദ്ധനവ് പ്രഖ്യാപിച്ച്‌ രാജ്യത്തെ ഏറ്റവും കുറഞ്ഞ ശമ്പള നിരക്ക്‌ പുതുക്കിയത്‌. രാജ്യത്തെ മിനിമം വേതനത്തിൽ ജൂലൈ 1 മുതൽ മണിക്കൂറിന് 1.05 ഡോളറിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മിനിമം വേതനം, നിലവിലുള്ള 20.33 ഡോളറിൽ നിന്ന് 21.38 ഡോളറായി വർദ്ധിക്കും. കുതിച്ചുയർന്ന പണപ്പെരുപ്പം റെക്കോർഡ് നിരക്കിലെത്തിയതോടെ ശമ്പള വർദ്ധനവെന്ന ആവശ്യം ശക്തമായിരുന്നു. പണപ്പെരുപ്പ നിരക്കിന് ആനുപാതികമായി മിനിമം വേതനത്തിൽ 5.1 ശതമാനത്തിൻറെ വർദ്ധനവ് വേണമെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസി ആവശ്യപ്പെട്ടിരുന്നു.

സർക്കാർ ശുപാർശ ചെയ്തതിനെക്കാൾ കൂടൂതൽ വർദ്ധനവാണ് ഫെയർ വർക്ക് കമ്മീഷൻ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. മിനിമം വേതനം അഥവാ ഏറ്റവും കുറഞ്ഞ ശമ്പള നിരക്കില് ജോലി ചെയ്യുന്നവർക്കാണ് 5.2ശതമാനത്തിന്റെ വർദ്ധനവ് ബാധകമാകുക. മോഡേൺ അവാർഡുകളുടെ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് മിനിമം വേതനത്തിൽ കുറഞ്ഞത് 4.6 ശതമാനത്തിൻറ വർദ്ധനവാണ് ഉണ്ടാകുന്നത്. അതായത് ആഴ്ചയിൽ കുറഞ്ഞത് 40 ഡോളർ.

പുതുക്കിയ നിരക്ക് രാജ്യത്തെ 27ലക്ഷത്തിലധികം തൊഴിലാളികൾക്കും, എന്റർപ്രൈസ് കരാറുകളിലുള്ള മറ്റ് ജീവനക്കാർക്കും ലഭ്യമാകുമെന്ന് ഫെയർ വർക്ക് കമ്മീഷൻ പറഞ്ഞു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും, കുതിച്ചുയർന്ന പണപ്പെരുപ്പവും മിനിമം വേതനം വർദ്ധിപ്പിക്കാൻ കാരണമായെന്നും ഫെയർ വർക്ക് കമ്മീഷൻ പ്രസിഡൻറ് ലെയ്ൻ റോസ് പറഞ്ഞു. പണപ്പെരുപ്പം തൊഴിലാളികളുടെ വേതനത്തിൻറെ യഥാർത്ഥ മൂല്യം ഇല്ലാതാക്കുകയും, ജീവിത നിലവാരം കുറയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ഫെയർ വർക്ക് കമ്മീഷൻ നിരീക്ഷിച്ചു. ഫെയർ വർക്ക് കമ്മീഷൻറെ തീരുമാനത്തെ വിവിധ യൂണിയനുകൾ സ്വാഗതം ചെയ്തു. കമ്മീഷൻറെ തീരുമാനം ന്യായവും, ഉചിതവുമാണെന്ന് ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻ മേധാവി സാലി മക്മനസ് പറഞ്ഞു.

You might also like