കുരിശ് വിൽപന നിരോധിച്ചിട്ടില്ലെന്ന് കുവൈറ്റ് മന്ത്രാലയം
കുവൈറ്റ് : കുരിശ് തുടങ്ങിയ ക്രൈസ്തവ പ്രതീകങ്ങളുടെയും അടയാളങ്ങളുടേയും വില്‍പ്പന നിരോധിക്കില്ലെന്ന് കുവൈറ്റ് വ്യാപാര വ്യവസായ മന്ത്രാലയം. വ്യാപാര വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് പ്രഷ്യസ് മെറ്റല്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായ സാദ് അല്‍-സയിദിയാണ് ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്. കുവൈറ്റ് സ്വദേശികള്‍ക്ക് പുറമേ, രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കും ഇത് ബാധകമാണെന്ന് ‘അല്‍-ജരിദ ഡെയിലി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമപരമായ രീതിയില്‍ രാജ്യത്ത് പ്രവേശിക്കുന്നതിനായും, നിശ്ചയിക്കപ്പെട്ട ഫീസ് വസൂലാക്കുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ പരിശോധിച്ച് മുദ്ര പതിപ്പിക്കുമെന്നു സാദ് അല്‍-സയിദി പറഞ്ഞു. അമൂല്യമായ ബുദ്ധപ്രതിമകളില്‍ ഒരെണ്ണം മന്ത്രാലയം പിടിച്ചെടുത്ത കാര്യം സാദ് അല്‍-സയിദി സമ്മതിച്ചു. സ്വര്‍ണ്ണ നിര്‍മ്മിതമായ ചില സാധനങ്ങള്‍ ഉള്‍പ്പെടെ സ്വവര്‍ഗ്ഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വസ്തുക്കളുടെയും, സാത്താനികമായ കരകൗശല വസ്തുക്കളുടെയും വില്‍പ്പന മന്ത്രാലയം നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസം തെറ്റായതും, മറ്റ് മതങ്ങളെ പരിഹസിക്കുന്നതുമായ ചില വിഭാഗങ്ങളുടെ മതപരമായ പ്രതീകങ്ങള്‍ മുന്‍പ് പിടിച്ചെടുത്തിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദൈവ വിശ്വാസികളായ മൂന്ന് മതങ്ങള്‍ക്ക് നിരക്കാത്തതോ, അവഹേളിക്കുന്നതോ ആയ സ്വര്‍ണ്ണ നാണയങ്ങളോ, വിലപ്പിടിപ്പുള്ള ലോഹങ്ങളോ, രൂപത്തിലുള്ളവയെ നിയമം വഴി നിരോധിച്ചിട്ടുള്ള കാര്യവും അദ്ദേഹം സൂചിപ്പിച്ചു. മലയാളികള്‍ ഉള്‍പ്പെടെ കുവൈറ്റില്‍ ജോലി ചെയ്യുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.