കുരിശ് ധരിച്ചതിന് ജോലിയിൽ നിന്നും പിരിച്ചുവിട്ട വിശ്വാസിക്ക് അനുകൂലമായി ബ്രിട്ടീഷ് കോടതി
ലണ്ടന്‍: കുരിശുമാല ധരിച്ചതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ട ക്രൈസ്തവ വിശ്വാസിയ്ക്കു അനുകൂലമായി ബ്രിട്ടീഷ് കോടതിയുടെ വിധി പ്രസ്താവന. സ്കോട്ട്ലൻഡിലെ കൂപ്പർ ആൻജസിൽ പ്രവർത്തിക്കുന്ന 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പ് എന്ന ഭക്ഷ്യ നിർമ്മാണകമ്പനിയില്‍ ജീവനക്കാരനായിരിന്ന ജെവ്ജെനിജ്സ് കോവാൾകോവ്സിനാണ് നീതി ലഭിച്ചിരിക്കുന്നത്. 22074 പൗണ്ട് നഷ്ടപരിഹാരം നൽകാന്‍ എംപ്ലോയ്മെൻറ് ട്രൈബ്യൂണൽ വിധിച്ചു. വിവേചനം മൂലമാണ് ജെവ്ജെനിജ്സിന് ജോലി നഷ്ടപ്പെട്ടതെന്ന് ജഡ്ജി ലൂയിസി കോവൻ പറഞ്ഞു.
മതവിശ്വാസവും, കുരിശുമാല ധരിക്കുന്നതും പരാതിക്കാരനെ സംബന്ധിച്ച് ആഴമേറിയ അർത്ഥമുള്ള കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. റഷ്യൻ ഓർത്തഡോക്സ് സഭാ വിശ്വാസിയായ ജെവ്ജെനിജ്സിന് കുരിശുമാല അമ്മ സമ്മാനമായി നൽകിയതായിരുന്നു. ആഭരണങ്ങൾ അണിയരുതെന്ന് കമ്പനി നിയമം ഉണ്ടായിരുന്നുവെങ്കിലും, അപകടസാധ്യത നിർണയം നടത്തി മതപരമായ ആഭരണങ്ങൾ അണിയാനുള്ള അനുമതി കമ്പനി നൽകിയിരുന്നു. 2019 ഡിസംബർ മാസം ക്വാളിറ്റി ഇൻസ്പെക്ടറായി പ്രമോഷൻ കിട്ടിയ ദിവസം ജെവ്ജെനിജ്സിന്റെ മാനേജർ മക്കോൾ അദ്ദേഹത്തോട് കുരിശുമാല മാറ്റാൻ ആവശ്യപ്പെട്ടതാണ് കേസിന്റെ തുടക്കം.
2020 ജനുവരിയില്‍ ജോലിസ്ഥലത്ത് അപമാനിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ജെവ്ജെനിജ്സ് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ മറ്റൊരു മാനേജരുമായി ചർച്ച സംഘടിപ്പിച്ചപ്പോഴും കുരിശുമാല ധരിച്ചാണ് ജെവ്ജെനിജ്സ് കോവാൾകോവ്സ് അതിൽ പങ്കെടുത്തത്. അപകടസാധ്യത നിർണയം നടത്തിയിട്ടില്ലെങ്കിലും, തന്റെ കുരിശുമാല വിശ്വാസപരമായ ഒന്നാണെന്ന് വിശദീകരിക്കുകയും ചെയ്തു. കുരിശുമാല നീക്കം ചെയ്യാൻ തയ്യാറാകാത്തത് മൂലം എച്ച്ആർ മാനേജറാണ് ജെവ്ജെനിജ്സിനെ കമ്പനിയിൽ നിന്ന് പിരിച്ചുവിടുന്നത്. വിവേചനം ഇല്ലായിരുന്നെങ്കിൽ ജെവ്ജെനിജ്സിന് ജോലിയിൽ തുടരാൻ സാധിക്കുമായിരുന്നുവെന്നു ട്രൈബ്യൂണൽ നിരീക്ഷിച്ചു.