നൈജീരിയയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ കൂട്ട മൃതസംസ്കാരം ഇന്ന്

0

ഒൺണ്ടോ: നൈജീരിയയിലെ ഒൺണ്ടോ സംസ്ഥാനത്തെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ പെന്തക്കുസ്ത തിരുനാൾ ദിവസം നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവരുടെ മൃതസംസ്കാരം ഇന്ന് നടക്കും. മരിച്ചവരുടെ സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ ഒൺണ്ടോ രൂപതയുടെ സോഷ്യൽ കമ്മ്യൂണിക്കേഷൻ ഡയറക്ടർ റവ. അഗസ്റ്റിൻ ഇക്വുവാണ് പുറത്തുവിട്ടിരിക്കുന്നത്. തിരിച്ചറിയാൻ കഴിയാത്ത വിധത്തില്‍ ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ഒരുമിച്ച് കൂട്ട സംസ്‌കാരം നടത്തുമെന്ന് കഴിഞ്ഞ ആഴ്ച രൂപത വ്യക്തമാക്കിയിരിന്നു.

ഓവോയിലെ എമുർ റോഡിലുള്ള പുതിയ സെമിത്തേരിയിലാണ് കൂട്ട സംസ്കാരം നടക്കുന്നത്. ഒൻഡോ സംസ്ഥാനത്തെ ക്രൈസ്തവരോടും ജനങ്ങളോടും ഐക്യദാർഢ്യവും അനുകമ്പയും പ്രകടിപ്പിക്കുന്നതിന്റെ അടയാളമായി സംസ്ഥാനത്തുടനീളം മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് ഒസുൻ സംസ്ഥാന ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ആരംഭിച്ച ദുഃഖാചരണം ബുധനാഴ്ച സമാപിച്ചു.

ജൂണ്‍ 5-ന് ദേവാലയത്തില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നാല്‍പ്പതോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അറുപതോളം പേർക്ക് പരിക്കേറ്റിരിന്നു. ആശുപത്രികളില്‍ നിരവധി പേരാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. പൊട്ടാത്ത ബോംബുകളും എകെ 47 തോക്കുകളിൽ ഉപയോഗിച്ച ബുള്ളറ്റുകളും പോലീസ് ദേവാലയത്തില്‍ കണ്ടെടുത്തിരിന്നു. ദാരുണമായ സംഭവം നടന്ന് ഇത്രയേറെ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലായെന്നത് നൈജീരിയയിലെ സുരക്ഷിതത്വമില്ലായ്മ ആഴത്തില്‍ വ്യക്തമാക്കുന്നതാണ്. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും അധികം കൂട്ടക്കൊല ചെയ്യപ്പെടുന്ന രാജ്യമാണ് നൈജീരിയ.

You might also like