പള്ളി പണിയാൻ അനുമതിയില്ല; അരുണാചലിൽ ക്രൈസ്തവർ തെരുവിലിറങ്ങി പ്രതിഷേധിച്ചു

0

ഇറ്റാനഗർ : വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ക്രൈസ്തവർക്കു വലിയ സ്വാധീനമുള്ള സ്ഥലമാണെങ്കിലും ബുദ്ധമതക്കാരുടെ ആധിപത്യമുള്ള ജില്ലയിലെ തവാങ്ങിൽ സഭാ മന്ദിരത്തിന്റെ പണി തടഞ്ഞതിനെ തുടർന്ന് വിശ്വാസികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

പ്രാദേശിക അധികാരികൾ വർഷങ്ങളായി പള്ളിയുടെ നിർമ്മാണം തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമാണെന്നു പറഞ്ഞ് പള്ളി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മറ്റെവിടെയെങ്കിലും നിർമ്മിക്കുന്നതിന് അനുമതി നൽകിയിട്ടുമില്ല.

മോൺപ ബുദ്ധ സമുദായത്തിന് ആധിപത്യമുള്ള ജില്ലയിലെ തവാങ്ങിലെ പള്ളിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അരുണാചൽ ക്രിസ്ത്യൻ ഫോറം (ACF) കഴിഞ്ഞ ശനിയാഴ്ച സംസ്ഥാനത്തുടനീളം മാർച്ച് ഉൾപ്പെടെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ ജനസംഖ്യയുടെ 30 ശതമാനത്തോളം ക്രിസ്ത്യാനികളാണ്.

2020 ഒക്ടോബറിൽ, അരുണാചൽ പ്രദേശിലെ ഇൻഡിജിനസ് ഫെയ്ത്ത് ആൻഡ് കൾച്ചറൽ സൊസൈറ്റിയും മോൺപ മിമാങ് സോഗ്പയും പരാതി നൽകിയതിനെത്തുടർന്ന്, ഈ വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനത്തിലെ പ്രാദേശിക അധികാരികൾ പള്ളിയുടെ നിർമ്മാണം “നിയമവിരുദ്ധം” എന്നു പറഞ്ഞ് തടയുകയായിരുന്നു. പള്ളിക്ക് ആവശ്യമായ നിർമ്മാണ അനുമതി ഇല്ലെന്ന് വിധിച്ച ശേഷം സഭയുടെ പ്രാദേശിക പാസ്റ്ററെ അറസ്റ്റ് ചെയ്തു; പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

1999 മുതൽ ആ ഭൂമിയിൽ ഒരു പള്ളി ഉണ്ടെന്നും 2015 ൽ അത് പുനർനിർമിക്കാൻ തുടങ്ങിയെങ്കിലും ബന്ധപ്പെട്ട അധികാരികൾ നിർമാണാനുമതി നിഷേധിച്ചു എന്നും സമരക്കാർ പറഞ്ഞു. “പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ ശരിയായ സംവിധാനം ആവശ്യപ്പെടുകയായിരുന്നു,” എസിഎഫ് പ്രസിഡന്റ് ടോക്കോ ടെക്കി പറഞ്ഞു. “സംസ്ഥാന സർക്കാർ രൂപീകരിച്ച സമിതിയുടെ ശുപാർശകൾ സ്വീകാര്യമല്ല. തവാങ്ങിൽ വ്യക്തമായി അതിർത്തി നിർണയിച്ച് ഭൂമി നൽകിയില്ലെങ്കിൽ തവാങ്ങിലെ ക്രിസ്ത്യൻ സമൂഹത്തിന് എങ്ങനെ ആറ് മാസത്തിനുള്ളിൽ പള്ളി മാറ്റി സ്ഥാപിക്കാനാകും. സംസ്ഥാന സർക്കാർ ഞങ്ങളുടെ ആവശ്യം നിശ്ചിത കാലയളവിനുള്ളിൽ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു . അതു കൊണ്ടാണ് സംസ്ഥാനത്തെ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഏകകണ്ഠമായി തീരുമാനിച്ച് സംസ്ഥാനവ്യാപക ബഹുജന പ്രതിഷേധം സംഘടിപ്പിച്ചത്.” അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആവശ്യത്തോട് സർക്കാർ പ്രതികരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കൂട്ടിച്ചേർത്തു.

You might also like