നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലക്കൊടുവിൽ അറസ്റ്റ്

0

ഒണ്‍ഡോ: നൈജീരിയയിലെ ഒണ്‍ഡോയിൽ സെന്റ്‌ ഫ്രാന്‍സിസ് കത്തോലിക്ക ദേവാലയത്തില്‍ നാല്‍പ്പതിലധികം പേരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രമെന്ന് സംശയിക്കപ്പെടുന്ന ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍. അക്രമം നടന്ന് ഇരുപതു ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ജൂണ്‍ 5-ലെ ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അറസ്റ്റ് ചെയ്യുമെന്ന് ‘അമോടെകുന്‍ കോര്‍പ്സ്’ എന്നറിയപ്പെടുന്ന സെക്യൂരിറ്റി നെറ്റ്വര്‍ക്ക് ഏജന്‍സിയുടെ ഒണ്‍ഡോ സംസ്ഥാന കമാണ്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആക്രമണത്തിനുപയോഗിച്ച അവസാനത്തെ വാഹനവും തങ്ങള്‍ കണ്ടെടുത്തുവെന്നും, ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, തങ്ങള്‍ കണ്ടെത്തിയ ചില പ്രധാനപ്പെട്ട കാര്യങ്ങളെ പരിശോധിച്ച് കൊണ്ടിരിക്കുകയുമാണെന്നും അടെടുഞ്ഞി അഡെലെയെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയ അഡെലെയെ, ഇതിന്റെ അടിവേര് ഇളക്കുംവരെ തങ്ങള്‍ പോകുമെന്നും, ഈ ആക്രമണം നടത്തിയവരേയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. കുറ്റവാളികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നത് വരെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നാണ് അഡെലെയെ പറയുന്നത്.

കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ എത്രയും പെട്ടെന്നു ഹാജരാക്കണമെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതി ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. “ദൈവത്തിന്റെ ഭവനത്തില്‍ നിരപരാധികളുടെ രക്തം ചിന്തിയ നടപടിയെ ശക്തമായി അപലപിക്കുന്നു” എന്ന വാക്കുകളോടെയാണ് നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് പ്രസ്താവന പുറത്തുവിട്ടത്. കൂട്ടക്കൊലക്കിരയായവരുടെ മൃതദേഹങ്ങള്‍ ഇക്കഴിഞ്ഞ ജൂണ്‍ 17-നാണ് അടക്കം ചെയ്തത്. മൃതസംസ്കാര ചടങ്ങിനിടെയുള്ള പ്രസംഗത്തിലും നൈജീരിയയിലെ ക്രൈസ്തവര്‍ നേരിടുന്ന അരക്ഷിതാവസ്ഥ വിവിധ മെത്രാന്‍മാര്‍ ചൂണ്ടിക്കാട്ടിയിരിന്നു.

You might also like