കർണാടകയിൽ സുവിശേഷ വിരോധികൾ വീടിനുള്ളിൽ കയറി ബൈബിൾ കത്തിച്ചു

0

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ മല്ലേനു ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകുന്നേരം ഒരു സംഘം അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറി ബൈബിൾ കത്തിച്ചു. ജൂൺ 28 ചൊവ്വാഴ്ച രാത്രി ഏകതമ്മ എന്ന സഹോദരിയുടെ ഭവനത്തിൽ പ്രാർഥന നടത്തുന്നതിനു ശേഷമാണ്‌ സുവിശേഷ വിരോധികളുടെ അതിക്രമം ഉണ്ടായത്.

വീട്ടുടമസ്ഥയായ 62-കാരി ഏകതമ്മയുടെ ഭവനത്തിൽ സഭാ വിശ്വാസികൾ പ്രാർഥന നടത്തി പോകുന്നതിനിടയിൽ ഒരു സംഘം സുവിശേഷ വിരോധികൾ ഭീഷണിപ്പെടുത്തുകയും പ്രാർഥനയ്ക്കായി കൊണ്ടു വന്ന ബൈബിൾ തട്ടിപ്പറിച്ച് വീടിന് മുന്നിലിട്ട് കത്തിക്കുകയും ചെയ്തു.

ഈ ഗ്രാമത്തിൽ ഏതെങ്കിലും ക്രൈസ്തവ ശുശ്രൂഷകർ വന്ന് ക്രിസ്തുമതം സ്വീകരിക്കുവാൻ നിർബന്ധിക്കുവാൻ പാടില്ല എന്നും അവർ ഭീഷണിപ്പെടുത്തി. അതെ സമയം വീട്ടുടമ ഏകതമ്മ അസുഖത്തെ തുടർന്ന് ഹിരിയൂരിലെ ഒരു ക്രൈസ്തവ സഭയിൽ പ്രാർഥനയ്ക്ക് പോയിരുന്നു. ഈ സമയം സഭാ വിശ്വാസികൾ ഏകതമ്മയുടെ ഭവനത്തിൽ പ്രാർഥന നടത്തി മടങ്ങുമ്പോളാണ് സുവിശേഷ വിരോധികൾ വീട്ടിൽ പ്രാർഥന നടത്തുന്നതിനെ ചോദ്യം ചെയ്ത് ബഹളം ഉണ്ടാക്കിയതെന്ന് ചിത്രദുർഗ എസ്.പി.പരശുരാമൻ പറഞ്ഞു. എന്നാൽ വിഷയത്തിൽ ആരും പരാതി നൽകാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കിയ കർണാടകയിൽ ക്രൈസ്തവ സമൂഹം ഭീതിയിലാണ് ഇപ്പോൾ സുവിശേഷ പ്രവർത്തനം നടത്തുന്നത്.

You might also like