മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കു നിക്കരാഗ്വേ ഭരണകൂടത്തിന്റെ വിലക്ക്

0

മനാഗ്വേ: അഗതികളുടെ അമ്മ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച സന്യാസിനി സമൂഹമായ മിഷ്ണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നൂറ്റിയൊന്നോളം സര്‍ക്കാരേതര സന്നദ്ധ സംഘടകളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാന്‍ മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വേ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. സാന്‍ഡിനിസ്റ്റാ നിയമസാമാജികനായ ഫിലിബെര്‍ട്ടോ റോഡ്രിഗസ് ജൂണ്‍ 22-ന് നാഷ്ണല്‍ അസംബ്ലിക്ക് സമര്‍പ്പിച്ച രേഖയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ‘നാഷ്ണല്‍ ഡയറക്ടറേറ്റ് ഓഫ് രജിസ്ട്രേഷന്‍ ആന്‍ഡ്‌ കണ്‍ട്രോള്‍ ഓഫ് നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍സ് ഫോളോവിംഗ് ഡ്യൂ പ്രൊസസ് ഓഫ് ലോ’യുടെ അപേക്ഷ പ്രകാരം വിവിധ അസോസിയേഷനുകളുടെയും ഫൗണ്ടേഷനുകളുടെയും നിയമപരമായ സാധുത റദ്ദാക്കുവാനുള്ള നിയമപരമായ ഉത്തരവ് എന്ന തലക്കെട്ടോടെ സമര്‍പ്പിച്ചിരിക്കുന്ന രഹസ്യ രേഖയുടെ ഉള്ളടക്കം മാധ്യമങ്ങള്‍ പുറത്തുവിടുകയായിരിന്നു. ഇതേക്കുറിച്ച് നാഷ്ണല്‍ അസംബ്ലി വരുംദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 

സന്നദ്ധ സംഘടനകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിനുള്ള ധനസഹായം, ആയുധവ്യാപനത്തിനുള്ള ധനസഹായം തുടങ്ങിയവ നിയന്ത്രിക്കുന്ന നിയമത്തോട് മിഷ്ണറീസ് ഓഫ് ചാരിറ്റിയും ഒത്തുപോകുന്നില്ലെന്നും, നേഴ്സറി സെന്റര്‍, പെണ്‍കുട്ടികള്‍ക്കും, പ്രായപൂര്‍ത്തിയായവര്‍ക്കും വേണ്ടിയുള്ള വേണ്ടിയുള്ള അഭയകേന്ദ്രം തുടങ്ങിയവ നടത്തുവാനുള്ള കുടുംബ മന്ത്രാലയത്തിന്റെ അംഗീകാരം മിഷണറീസ് ഓഫ് ചാരിറ്റിക്കില്ലെന്നുമാണ് ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്ന ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പറയുന്നത്. മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് പുറമേ, നിക്കരാഗ്വേക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക ഫൗണ്ടേഷന്‍, സ്പിരിച്വാലിറ്റി ഫൗണ്ടേഷന്‍, മൈ ചൈല്‍ഡ്ഫണ്ട്‌ മദേഴ്സ് ഫൗണ്ടേഷന്‍, ഡിരിയോമിറ്റോ ചില്‍ഡ്രന്‍സ് കെയര്‍ ഹോം അസോസിയേഷന്‍ തുടങ്ങിയവും അടച്ചുപൂട്ടപ്പെടും.

ഒര്‍ട്ടേഗയുടെ ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ (1985-1990) വിശുദ്ധ മദര്‍ തെരേസയുടെ നിക്കരാഗ്വേ സന്ദര്‍ശനത്തേത്തുടര്‍ന്ന്‍ 1988 ഓഗസ്റ്റ് 16-നാണ് സന്യാസ സമൂഹം നിക്കരാഗ്വേയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ആത്മീയവും മനഃശാസ്ത്രപരവുമായ സേവനങ്ങള്‍ക്ക് പുറമേ, സംഗീതം, തിയേറ്റര്‍, തുന്നല്‍പ്പണി തുടങ്ങിയവയിലുള്ള പരിശീലനവും സന്യാസിനീ സമൂഹം നല്‍കിവരുന്നുണ്ട്. തലസ്ഥാനമായ മനാഗ്വേയില്‍ പ്രായമായവര്‍ക്ക് വേണ്ടിയുള്ള നേഴ്സിംഗ് ഹോമും, കുട്ടികള്‍ക്ക് വേണ്ടിയുള്ള റെമഡിയല്‍ എജ്യൂക്കേഷനും, പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള നഴ്സറിയും ഇവര്‍ നടത്തുന്നുണ്ട്. അതേസമയം നാഷണല്‍ അസ്സംബ്ലി ഉത്തരവ് അംഗീകാരിച്ചാല്‍ മാത്രമേ അടച്ചുപൂട്ടല്‍ സാധ്യമാവുകയുള്ളൂ. 

എന്നാല്‍ ഒര്‍ട്ടേഗയുടെ പാര്‍ട്ടിക്ക് 90-ല്‍ 70 സീറ്റിന്റെ ഭൂരിപക്ഷമുള്ളതിനാല്‍ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നിരവധി വധഭീഷണികള്‍ ലഭിച്ചതിനെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം പ്രവാസ ജീവിതം നയിക്കുന്ന മനാഗ്വേ സഹായ മെത്രാന്‍ ഒര്‍ട്ടേഗ സര്‍ക്കാരിന്റെ നീക്കത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കും, മെത്രാന്‍മാര്‍ക്കും, വൈദികര്‍ക്കും അത്മായ സംഘടകള്‍ക്കും എതിരായ നൂറ്റിതൊണ്ണൂറോളം ആക്രമണങ്ങള്‍ ഉണ്ടായെന്നു ‘പ്രൊ-ട്രാന്‍സ്പരന്‍സി ആന്‍ഡ്‌ ആന്റി കറപ്ഷന്‍ ഒബ്സര്‍വേറ്ററി’ അംഗവും, അറ്റോര്‍ണിയുമായ മാര്‍ത്താ പട്രീഷ്യ മോളിന മോണ്ടെനെഗ്രോ അടുത്തിടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തിയിരിന്നു.

2007-ല്‍ അധികാരത്തിലേറിയ നിക്കാരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നി റൊസാരിയോ മുറില്ലയും (ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്) കത്തോലിക്ക സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. 2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. കള്ളത്തരത്തിലൂടെയും, എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് 2021-ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലേറുകയായിരിന്നു.

You might also like