ഗോൾ നേട്ടത്തിൽ ‘നന്ദി യേശുവിന്’ ജേഴ്സി ധരിച്ച് നൈജീരിയന്‍ വനിതാ താരം
റബത്ത്: നിര്‍ണ്ണായകമായ ഫുട്ബോൾ മത്സരത്തിലെ ഗോൾ നേട്ടം യേശു ക്രിസ്തുവിന് നന്ദിയായി സമര്‍പ്പിച്ചുള്ള നൈജീരിയൻ വനിത ഫുട്ബോൾ താരം റാഷിദത്ത് അജിബേഡിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. മൊറോക്കോയിൽ നടക്കുന്ന വുമൺസ് ആഫ്രിക്കൻ നേഷൻസ് കപ്പിൽ ബുറുണ്ടിക്കെതിരെ ഗോളടിച്ചതിനുശേഷം ‘താങ്ക്യൂ ജീസസ്’ എന്നെഴുതിയ വാചകം ഉള്ള ജേഴ്സി കാണികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് റാഷിദാത്ത് തന്റെ നേട്ടം കര്‍ത്താവിനുള്ള മഹത്വം നൽകാനുള്ള അവസരമാക്കി മാറ്റിയത്. ജൂലൈ 10നു നടന്ന മത്സരത്തില്‍ ടീമിന് ലഭിച്ച ഒരു പെനാൽറ്റിയാണ് റാഷിദാത്ത് ഗോളാക്കി മാറ്റിയത്. മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് സൂപ്പർ ഫാൽകൺസ് എന്ന പേരിൽ അറിയപ്പെടുന്ന നൈജീരിയന്‍ ടീം വിജയം കരസ്ഥമാക്കി.
മത്സരത്തിന് ശേഷം ട്വിറ്ററിലും താരം യേശുവിന് നന്ദി പ്രകാശിപ്പിച്ചു. “യേശുവേ നന്ദി, ടീം മുഴുവൻ നന്നായി കളിച്ചു, ഇനി നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയാണ്. യഥാർത്ഥ മത്സരം ഇനിയാണ് തുടങ്ങാൻ പോകുന്നത്” – റാഷിദാത്ത് അജിബേഡ് ട്വിറ്ററിൽ കുറിച്ച സന്ദേശത്തില്‍ പറയുന്നു. ജൂലൈ 15നു ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രത്തിലൂടെയും താരം യേശുവിനെ മഹത്വപ്പെടുത്തിയിട്ടുണ്ട്.
”എന്റെ കർത്താവായ യേശു വെളിപ്പെട്ടതും മഹത്വീകരിക്കപ്പെട്ടതും കാണാനുള്ള ഒരു ദൗത്യത്തിൽ” എന്ന തലക്കെട്ടോട് കൂടിയ ട്വീറ്റില്‍ ”യേശുവേ നീ മതി” എന്ന ജേഴ്സി ധരിച്ച താരത്തിന്റെ ചിത്രവുമുണ്ട്. ”ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്” എന്ന വചനമുള്ള ”സങ്കീര്‍ത്തനങ്ങള്‍ 46:10” ജേഴ്സിയില്‍ എഴുതിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കാമറൂണിനെതിരെയും വിജയം നേടിയതോടെ നൈജീരിയൻ ടീമിന് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടക്കുന്ന 2023 ഫിഫ വനിതാ ലോകകപ്പിൽ യോഗ്യത ലഭിച്ചിരിക്കുകയാണ്.