ശ്രീലങ്കക്കു അര മില്യണ്‍ യൂറോയുടെ സഹായവുമായി പൊന്തിഫിക്കൽ സംഘടന
കൊളംബോ: രാഷ്ട്രീയ സാമ്പത്തിക അടിയന്തരാവസ്ഥയെ തുടര്‍ന്നു നട്ടം തിരിയുന്ന ശ്രീലങ്കയ്ക്കു സഹായഹസ്തവുമായി പൊന്തിഫിക്കൽ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’. 4,65,000-ത്തിലേറെ യൂറോയുടെ അടിയന്തിര സഹായമാണ് സംഘടന ശ്രീലങ്കയ്ക്കു നല്കുക. പ്രതിസന്ധി ഘട്ടത്തിൽ ഓരോ രൂപതകള്‍ക്കും അവശ്യ ശുശ്രൂഷ തുടരാനാണ് അടിയന്തര സഹായം നല്‍കുന്നതെന്ന് ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ അറിയിച്ചു. നിലവില്‍ ശ്രീലങ്കയിലെ വിവിധ രൂപതകളും സന്യാസിനി സമൂഹങ്ങളും സ്ഥാപനങ്ങളും കനത്ത പ്രതിസന്ധി നേരിടുന്നുണ്ട്. അടിയന്തരാവസ്ഥ പ്രാദേശിക സഭയെ സാരമായി ബാധിക്കുന്നുവെന്ന് കാൻറി രൂപതയുടെ അധ്യക്ഷന്‍ വാലെൻസ് മെൻഡിസ് പറഞ്ഞു.
ഇന്ധനം, ഗ്യാസ്, പാൽ പൊടി, പഞ്ചസാര, അരി, മരുന്നുകൾ എന്നിവ വാങ്ങാൻ ആളുകളുടെ നീണ്ട ക്യൂവാണ്. നിരവധി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു, വില വലിയതോതില്‍ ഉയർന്നു. പണപ്പെരുപ്പം കഴിഞ്ഞ മാസം 54 ശതമാനത്തിന് മുകളിൽ കുതിച്ചുയർന്നപ്പോൾ, ഭക്ഷ്യ വില കഴിഞ്ഞ വർഷത്തേക്കാൾ 80 ശതമാനം കൂടുതലാണെന്നും ബിഷപ്പ് മെൻഡിസ് വിശദീകരിച്ചു. ശ്രീലങ്കൻ സെൻട്രൽ ബാങ്കിന്റെ കണക്കനുസരിച്ച്, വരും മാസങ്ങളിൽ പണപ്പെരുപ്പം 70% ആയി ഉയരുമെന്നാണ് സൂചന. ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കിടെ, ഫ്രാൻസിസ് മാർപാപ്പ ശ്രീലങ്കയിലെ ജനങ്ങളോടുള്ള അടുപ്പം ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിരിന്നു. രാജ്യത്തെ മതനേതാക്കളോടൊപ്പം ചേർന്ന്, അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പൊതുനന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും പാപ്പ എല്ലാവരോടും ആഹ്വാനം ചെയ്തു.
1948-ല്‍ സ്വതന്ത്രമായതിത് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു തരിപ്പണമായെന്ന് പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെ തന്നെയാണ് പ്രഖ്യാപിച്ചത്. പണപ്പെരുപ്പം, മൂല്യത്തകര്‍ച്ച, വര്‍ധിച്ചുവരുന്ന പൊതുകടം എന്നിങ്ങനെ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് വഴിവെയ്ക്കുന്നതെല്ലാം സംഭവിച്ചതോടെ പൊതുജന ജീവിതം പൂര്‍ണ്ണമായി ദുസഹമായി തീരുകയായിരിന്നു.