സിറിയയിൽ ക്രിസ്തീയ ദേവാലയത്തിന്റെ കൂദാശ ചടങ്ങിനിടെ തീവ്രവാദി ആക്രമണം; 2 മരണം, നിരവധി പേര്‍ക്ക് പരിക്ക്

0

ഹമാ: സിറിയയിലെ ഹമാ നഗരത്തിന് സമീപം നിര്‍മ്മിച്ച പുതിയ ക്രൈസ്തവ ദേവാലയത്തിന്റെ കൂദാശ ചടങ്ങിനിടെ നടന്ന തീവ്രവാദി അക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം ആളുകൾക്ക് പരിക്കേറ്റു. ഹാഗിയ സോഫിയ എന്ന പേര് നല്‍കിയിരിക്കുന്ന ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ ചടങ്ങിനിടയാണ് ഇന്നലെ ആക്രമണം നടന്നത്. തുർക്കിയിലെ ചരിത്രപ്രസിദ്ധ ഹാഗിയ സോഫിയ ദേവാലയത്തിന്റെ മാതൃകയിലാണ് സിറിയയിലെ ദേവാലയവും നിർമ്മിക്കപ്പെട്ടിരിന്നത്. രണ്ടു വര്‍ഷം മുമ്പ് തുർക്കിയിലെ ഹാഗിയ സോഫിയ ദേവാലയം മുസ്ലിം പള്ളിയാക്കി ഉപയോഗിക്കാൻ എർദോഗൻ സർക്കാർ തീരുമാനമെടുത്തതിനെ തുടർന്നാണ് അതേ പേരിൽ പുതിയൊരു ദേവാലയം സിറിയയിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നത്.

വൈകാതെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും സംയുക്തമായി ദേവാലയം നിര്‍മ്മിക്കുവാന്‍ തീരുമാനമെടുക്കുകയായിരിന്നു. ജൂലൈ 24നു നടന്നത് റോക്കറ്റ് ആക്രമണം ആണെന്നു സിറിയൻ വാർത്ത ഏജൻസിയായ ‘സന’ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നിൽ തീവ്രവാദി സംഘടനകൾ ആണെന്നും സനയുടെ റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. ഒരു പരിധിവരെ സർക്കാർ അടിച്ചമർത്തൽ നടത്തിയെങ്കിലും, തക്ഫീരി തീവ്രവാദ പ്രസ്ഥാനം രാജ്യത്തിന്റെ ചില ഭാഗങ്ങളിലായി തങ്ങളുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നുണ്ട്. അതേസമയം അക്രമത്തിന് പിന്നില്‍ ഏത് തീവ്രവാദി ഗ്രൂപ്പാണെന്ന് ഇനിയും വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്രൈസ്തവ സമൂഹത്തിന്റെ ആഗോള ദേവാലയം എന്ന് അറിയപ്പെട്ടിരിന്ന തുര്‍ക്കിയുടെ പൈതൃകം കൂടിയായ ഹാഗിയ സോഫിയ – മുസ്ലീം പള്ളി ആക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാരിന്റെ തീവ്രവാദപരമായ നടപടി ആഗോളതലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരിന്നു. അതിന്റെ മുറിവ് ഉണങ്ങും മുന്‍പാണ് സിറിയയിലെ ഹാഗിയ സോഫിയ ദേവാലയത്തിന്റെ കൂദാശ ചടങ്ങിനിടെ ആക്രമണം നടന്നിരിക്കുന്നത്.

https://twitter.com/acimenanews/status/1551193005524123648?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1551193005524123648%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fpravachakasabdam.com%2Findex.php%2Fsite%2Fnews%2F19315

You might also like