യൂടോങ്ങിലെ ഭൂഗര്‍ഭ ദേവാലയം തകര്‍ത്തു ചൈനീസ് സർക്കാർ

0

ചൈനയിൽ ഹെബേയിലെ യൂടോങ് ഗ്രാമത്തിലെ ഭൂഗര്‍ഭ സഭയില്‍പ്പെട്ട ഇടവക ദേവാലയം ചൈനീസ് അധികാരികള്‍ തകര്‍ത്തതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇടവക വികാരിയായ ഫാ. ഡോങ് ബാവൊലു ചൈനീസ് പാര്‍ട്ടിയുടെ (സി.പി.സി) നിയന്ത്രണത്തിലുള്ള ചൈനീസ്‌ കാത്തലിക് പാട്രിയോടിക് അസോസിയേഷനില്‍ ചേരുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ ദേവാലയം പ്രവര്‍ത്തിച്ചിരുന്ന വലിയ ടെന്റ് നശിപ്പിച്ചത്. പാര്‍ട്ടിക്ക് കീഴടങ്ങാത്ത ഏക വൈദികനായിരിന്നു ഫാ. ഡോങ് ബാവൊലു. ഹെമിപ്ലേജിയ (ഭാഗിക പക്ഷാഘാതം) എന്ന രോഗം ബാധിച്ച ഫാ. ഡോങ് ആശുപത്രിയില്‍ പരിശോധനക്കായി പോയസമയത്തായിരുന്നു ദേവാലയത്തിനെതിരായ അതിക്രമം.

സര്‍ക്കാര്‍ അംഗീകൃത സഭയില്‍ ചേരാത്ത വൈദികനോ സന്യാസിനിയ്ക്കോ തങ്ങളുടെ വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയാത്ത സാഹചര്യമാണ് ചൈനയില്‍ ഉള്ളത്. 2018 ഫെബ്രുവരിയിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്.

മതങ്ങളുടെ സംഭാവനകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 1-നാണ് നിയമം പ്രാബല്യത്തില്‍ വന്നത്. മാര്‍ച്ച് 1-ന് ഓണ്‍ലൈനിലൂടെയുള്ള വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയതിന്റെ പിന്നാലെയാണ് ഈ നിയന്ത്രണങ്ങളും.

പാസ്റ്റർമാർ, വൈദികര്‍, സന്യാസികള്‍, തുടങ്ങിയവരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ യുണൈറ്റഡ് ഫ്രണ്ടിന്റെ കീഴിലുള്ള സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഫോര്‍ റിലീജിയസ് അഫയേഴ്സ് പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്.

.

You might also like