നൈജീരിയന്‍ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു ഇരയായവരുടെ 30,000 യൂറോ അനുവദിച്ച് ക്രൊയേഷ്യ
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവര്‍ നേരിടുന്ന വംശഹത്യയുടെ ആഴം വിവരിച്ചു കൊണ്ട് അവരെ സഹായിക്കുവാന്‍ ക്രൊയേഷ്യന്‍ പാര്‍ലമെന്റംഗമായ മരിജാന പെറ്റിര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കാണുന്നു. പെറ്റിറിന്റെ അപേക്ഷ പ്രകാരം പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ ഒണ്‍ഡോയിലെ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന കൂട്ടക്കൊലക്കിരയായവര്‍ക്ക് 30,000 യൂറോ നല്‍കുവാന്‍ ക്രൊയേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലൈ 14നാണ് നൈജീരിയന്‍ ക്രൈസ്തവരെ സഹായിക്കണമെന്ന മരിജനയുടെ നിര്‍ദ്ദേശം ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ചും വിദേശകാര്യ മന്ത്രി ഗോർഡൻ ഗ്രിലിക്-റാഡ്മാനും അംഗീകരിച്ചത്. ക്രൊയേഷ്യന്‍ കാരിത്താസിന് കൈമാറുന്ന പണം വിനിയോഗിക്കുന്നത് നിരീക്ഷിക്കുവാനുമുള്ള ചുമതല ഫോറിന്‍ ആന്‍ഡ് യൂറോപ്യന്‍ മന്ത്രാലയത്തിനായിരിക്കും.
നൈജീരിയന്‍ ക്രൈസ്തവരെ സഹായിക്കുവാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങളെ കുറിച്ച് ബിറ്റര്‍ വിന്‍ററിന് നല്‍കിയ അഭിമുഖത്തില്‍ പെറ്റിര്‍ വിവരിച്ചു. പെന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ നടന്ന ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന സായുധ ആക്രമണങ്ങളും, തട്ടിക്കൊണ്ടുപോകലുകളും, കവര്‍ച്ചകളും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ പട്ടിണിയിലാണെന്നും പെറ്റിര്‍ പറഞ്ഞു. ക്രൈസ്തവ ഭൂരിപക്ഷമായ തെക്കന്‍ മേഖലയിലേക്ക് കൂടി തീവ്രവാദം വ്യാപിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഒണ്‍ഡോയിലെ കൂട്ടക്കൊലയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
I am grateful to PM @AndrejPlenkovic and @grlicradman who accepted my proposal to send humanitarian aid to the victims of the attack that took place on #Pentacost in the #CatholicChurch in the city of Owo, Nigeria. Today, @VladaRH approved 30,000 euros for this purpose.🙏 pic.twitter.com/y83bfLg5kS
— Marijana Petir (@marijana_petir) July 14, 2022
2021-ല്‍ മാത്രം 10,399 പേരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് സൂചിപ്പിച്ച പെറ്റിര്‍, ഈ സാഹചര്യങ്ങളാണ് ഇത്തരമൊരു നീക്കം നടത്തുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും, നൈജീരിയക്ക് നേരെ മുഖം തിരിക്കുവാന്‍ ക്രൊയേഷ്യക്ക് കഴിയില്ലെന്നും പറഞ്ഞു. ഇതിനായി താങ്കള്‍ എന്താണ് ചെയ്തതെന്ന ചോദ്യത്തിന്, രാജ്യത്തെ ദേവാലയ ആക്രമണത്തിനിരയായവരെ സഹായിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നും തന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രൈസ്തവരായതിനാല്‍ ആഫ്രിക്കയിലും, ഏഷ്യയിലും, മധ്യപൂര്‍വ്വേഷ്യയിലും മതപീഡനത്തിനിരയാകുന്ന ക്രൈസ്തവ യുവതീയുവാക്കള്‍ക്ക് വേണ്ടി സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിക്കുവാനും പെറ്റിര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു രണ്ടു ലക്ഷം യൂറോ വകയിരിത്തിയിരിന്നു. ഇതിന്റെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ ഇന്ത്യ, പാക്കിസ്ഥാന്‍, തെക്കന്‍ സുഡാന്‍, നൈജീരിയ, ബെനിന്‍, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നും ക്രൊയേഷ്യയില്‍ എത്തിക്കഴിഞ്ഞു. 2022-ലെ ബജറ്റിലും ഇതിനായി തുക വകയിരുത്തിയിട്ടുണ്ട്.