വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവ്; 1,50,000 പേർക്ക് ബാധകമാകും

0

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പൊതുമേഖലാ തൊഴിലാളികൾക്ക് അടുത്ത രണ്ട് വർഷത്തിൽ ആറ് ശതമാനം ശമ്പള വർദ്ധനവ് നടപ്പിലാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. പ്രതിവർഷം മൂന്ന് ശതമാനമെന്ന നിരക്കിലാണ് പ്രീമിയർ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള ചർച്ചകൾ സജീവമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ പ്രഖ്യാപനം.

സർക്കാർ മുൻപ് പ്രഖ്യാപിച്ചിരുന്ന 2.75 ശതമാനം വേതന വർദ്ധനവ് അപര്യാപ്തമാണെന്ന് തൊഴിലാളി യൂണിയനുകൾ ചൂണ്ടിക്കാട്ടിയിരുന്നു. അധ്യാപകർ, നഴ്സുമാർ, പോലീസ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, ശുചീകരണത്തൊഴിലാളികൾ എന്നിവരുൾപ്പെടെ പൊതു മേഖലയിൽ ജോലി ചെയ്യുന്ന 1,50,000 തൊഴിലാളികൾക്കാണ് മാറ്റം ബാധകമാകുക.

തൊഴിലാളികൾക്ക് അധിക 2,500 ഡോളർ സൈൻ-ഓൺ ബോണസും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പ്രതിവർഷം 0.5 ശതമാനം സൂപ്പറാന്വേഷൻ വർദ്ധനവും പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. പാർട്ട് ടൈം, കാഷ്വൽ പൊതുമേഖലാ തൊഴിലാളികൾക്കും ആനുപാതികമായ നിരക്കിൽ വേതന വർദ്ധനവും, ബോണസും ലഭിക്കും. സർക്കാർ നേരെത്തെ മുന്നോട്ട് വച്ച വർദ്ധനവ് അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

മഹാമാരിയെ നേരിടുന്നതിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ജീവനക്കാർ കാണിച്ച പ്രതിബദ്ധതക്കുള്ള സർക്കാരിന്റെ അംഗീകാരമാണിതെന്ന് പ്രീമിയർ മാർക്ക് മെഗോവൻ പറഞ്ഞു. ന്യൂ സൗത്ത് വെയിൽസിലെയും, വിക്ടോറിയയിലെയും അടിസ്ഥാന ശമ്പള നിരക്കിനേക്കാൾ ഉദാരമായ നിരക്കാണ് വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഉള്ളതെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി.

ഈ പദ്ധതി നടപ്പിലാക്കുന്നത് വഴി അടുത്ത നാല് വർഷത്തിൽ സംസ്ഥാനത്തിന് 634 ദശലക്ഷം ഡോളറിന്റെ അധിക ചിലവാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നടപടികൾ കൈകൊള്ളുന്നതിനൊപ്പം, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത സംരക്ഷിക്കേണ്ടതും പ്രധാനമാണെന്ന് മക്ഗോവൻ പറഞ്ഞു. അതേസമയം, യൂണിയനുകളുമായി കൂടിയാലോചിക്കാതെയാണ് സർക്കാർ പ്രഖ്യാപനം നടത്തിയതെന്ന് UnionsWA സെക്രട്ടറി ഓവൻ വിറ്റിൽ കുറ്റപ്പെടുത്തി. പുതിയ നടപടി സംസ്ഥാനത്തെ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്നും, ഒറ്റത്തവണയുള്ള പേയ്മെന്റ് അടിസ്ഥാന വേതന വർദ്ധനവിന് പകരമാവില്ലെന്നും ഓവൻ വിറ്റിൽ ചൂണ്ടിക്കാട്ടി.

You might also like