നിക്ഷേപിക്കാൻ 5 ലക്ഷമുണ്ടോ? 9,250 രൂപ വീതം പലിശ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയിതാ
വിരമിക്കൽ കാലത്ത് വിവിധ ആനുകൂല്യങ്ങളായി നല്ലൊരു തുക കയ്യിലെത്തും. ഈ പണം എവിടെ നിക്ഷേപിക്കും?. 60 വയസ് കഴിഞ്ഞവർക്ക് സുരക്ഷിതമായി നിക്ഷേപിച്ച് നല്ല ആദായം നൽകാൻ 2004ല്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ നിക്ഷേപം പൂര്‍ണമായും സുരക്ഷിതമാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാൾ ഉയർന്ന പലിശ നൽകുന്ന നിക്ഷേപ പദ്ധതിയാണിത്. പദ്ധതിയുടെ മറ്റ് വിശദാംശങ്ങൾ ചുവടെ.
പ്രായ പരിധി
60 വയസ് കഴിഞ്ഞവര്‍ക്കാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ ചേരാന്‍ സാധിക്കുക. വൊളണ്ടറി റിട്ടയര്‍മെന്റ് എടുത്തവര്‍ക്ക് 55 വയസ് പൂര്‍ത്തിയായാല്‍ പദ്ധതിയില്‍ ചേരാന്‍ സാധിക്കും. ഒരാള്‍ക്ക് ഒന്നിലധികം അക്കൗണ്ട് ആരംഭിക്കാനാകും. വ്യക്തിഗത അക്കൗണ്ടും ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് സംയുക്ത അക്കൗണ്ടും ആരംഭിക്കാം.
പോസ്റ്റ് ഓഫീസ് വഴിയോ ദേശസാൽകൃത ബാങ്കുകൾ വഴിയോ തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം അക്കൗണ്ട് ആരംഭിക്കാം. ബാങ്ക് വഴി സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ ചേരുകയാണെങ്കില്‍ ആദ്യം സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കണം.
നിക്ഷേപം
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ ചേരുന്നൊരാള്‍ക്ക് കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കണം. ആയിരത്തിന്റെ ഗുണിതങ്ങളായി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. നിക്ഷേപം ഒറ്റത്തവണയായി മാത്രമെ സ്വീകരിക്കുകയുള്ളൂ. നിക്ഷേപം 1 ലക്ഷത്തില്‍ കുറവാണെങ്കില്‍ പണം നല്‍കി അക്കൗണ്ട് ആരംഭിക്കാം.
1 ലക്ഷത്തിന് മുകളിലാണെങ്കില്‍ ചെക്ക് മാത്രമെ സ്വീകരിക്കുകയുള്ളൂ. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് നോമിനേഷന്‍ സൗകര്യമുണ്ട്. ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് നിക്ഷേപം മാറ്റാനും സൗകര്യമുണ്ട്. നിക്ഷേപത്തിന് 7.4 ശതമാനം പലിശ ലഭിക്കും. പാദങ്ങളിലാണ് പലിശ നൽകുന്നത്. ഓരോ പാദങ്ങളിലും പലിശ നിരക്ക് പുനക്രമീകരിക്കും.
കാലാവധി
സീനിയർ സിറ്റിസൺ സേവിം ഗ്സ് സ്കീമിന്റെ കാലാവധി 5 വര്‍ഷമാണ്. 3 വര്‍ഷത്തേക്ക് കാലാവധി കൂട്ടി വാങ്ങാന്‍ സാധിക്കും. കാലാവധിക്ക് മുന്‍പ് പിന്‍വലിച്ചാല്‍ പിഴ ഈടാക്കും. അക്കൗണ്ട് ആരംഭിച്ച് 1 വർഷം പൂർത്തിയാകുന്നതിന് മുൻപ് അക്കൗണ്ട് പിൻവലിച്ചാൽ പലിശ ലഭിക്കില്ല. 1 വര്‍ഷത്തിന് ശേഷം പിന്‍വലിച്ചാല്‍ മുതലിൽ നിന്ന് 1.5 ശതമാനവും 2 വര്‍ഷത്തിന് ശേഷം പിന്‍വലിച്ചാല്‍ 1 ശതമാനം തുകയും കുറച്ച് മാത്രമെ അനുവദിക്കുകയുള്ളൂ. കാലാവധി നീട്ടിയ അക്കൗണ്ട് 1 വർഷം പൂർത്തിയായ ശേഷം പിഴയില്ലാതെ പിൻവലിക്കാം.
കാൽക്കുലേറ്റർ
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് എത്ര രൂപയുടെ പലിശ വരുമാനം നേടാൻ സാധിക്കുമെന്ന് നോക്കാം. അഞ്ച് വര്‍ഷ കാലാവധി പൂർത്തിയാക്കുമ്പോൾ 1,85,000 രൂപയാണ് നിക്ഷേപകന് ആകെ പലിശ ലഭിക്കുന്നത്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ പാദങ്ങളിലാണ് പലിശ അനുവദിക്കുക.
നിക്ഷേപം ആരംഭിച്ചത് മുതൽ മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 എന്നീ തീയതികളിലാണ് പലിശ നൽകുക. ഇതു പ്രകാരം അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും 9,250 രൂപ വീതം പലിശ ലഭിക്കും.
നികുതി
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപ നികുതി ഇളവ് ലഭിക്കും. എന്നാല്‍ പലിശയ്ക്ക് നികുതി നല്‍കേണ്ടതുണ്ട്. സാമ്പത്തിക വര്‍ഷത്തില്‍ പലിശ 50,000 രൂപ കടക്കുകയാണെങ്കില്‍ 10 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. ആകെ വരുമാനം 2.5 ലക്ഷം രൂപയില്‍ കുറവാണെങ്കില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം അക്കൗണ്ടുള്ളിടത്ത് 15എച്ച് ഫോം സമര്‍പ്പിച്ചാല്‍ ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാം.