‘കാല് തല്ലിയൊടിക്കും’; സിറോ മലബാര്‍ സഭാ തര്‍ക്കത്തില്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപവുമായി വിമത വിഭാഗം
സിറോ മലബാര്‍ സഭ തര്‍ക്കത്തില്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപവുമായി വിമത വിഭാഗം. ബിഷപ്പ് കരിയലിനെ മാറ്റിയതിനെ ചോദ്യം ചെയ്ത് വിമതര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബിഷപ്പിന്റെ കാല് തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി. ബിഷപ്പ് ഗുണ്ടാ നേതാവാണെന്നും ആരോപണം ഉയര്‍ന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം, ഏകീകൃത കുര്‍ബാന പരിഷ്‌കരണം എന്നീ കാര്യങ്ങളില്‍ വിമത വിഭാഗത്തെ പിന്തുണച്ച കാരണത്താലാണ് ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റിയത്. സിനഡിന്റെ ആവശ്യപ്രകാരം വത്തിക്കാന്‍ നേരിട്ട് ഇടപെട്ടായിരുന്നു കരിയിലിനെതിരെ നടപടി സ്വീകരിച്ചത്. ഇതിന് ശേഷം അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് എറണാകുളം അതിരൂപതയുടെ ചുമതല നല്‍കുകയായിരുന്നു.
ആർച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ചുമതല നല്‍കിയതിന് പിന്നാലെ അതിരൂപത ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. വിമത വൈദികര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന കാരണം കാണിച്ചായിരുന്നു നടപടി. ഇതേ തുടര്‍ന്നാണ് ഒരു സംഘം ബിഷപ്പിനെ തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇതെല്ലാം തന്നെ ചുമതലയില്‍ നിയോഗിച്ചവരെ അറിയക്കാമെന്ന് ബിഷപ്പ് മറുപടി നല്‍കി.