വിഴിഞ്ഞം സമരം: സര്‍ക്കാരുമായി ചര്‍ച്ചക്ക് തെയ്യാറെന്ന് ലത്തീന്‍ രൂപത

0

വിഴിഞ്ഞം സമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തെയ്യാറെന്ന് ലത്തീന്‍ അതിരൂപത. ചര്‍ച്ചക്കുള്ള സ്ഥലവും സമയവും തിരുമാനിക്കാന്‍ മന്ത്രി ആന്റെണി രാജുവിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഫീഷറീസ് മന്ത്രി വി അബ്ദുറഹ്‌മാനാണ് അതിരൂപത അധികൃതരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.തീരദേശ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കേന്ദ്ര-സംസ്ഥാനതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാനായി മന്ത്രി വി അബ്ദുറഹ്‌മാന്‍ ഡല്‍ഹിയില്‍ പോയ സാഹചര്യത്തില്‍, തിരിച്ചെത്തിയാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ള തിയ്യതി തീരുമാനിക്കുകയുള്ളൂ.

ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല വിഴിഞ്ഞം പദ്ധതി മുന്നോട്ടു പോകുന്നതെന്നും തീരശോഷണത്തിന് കാരണം അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണമാണെന്നുമാണ് തീരദേശവാസികള്‍ ആരോപിക്കുന്നത്. തുറമുഖ നിര്‍മ്മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും സമരക്കാര്‍ പറയുന്നു.

തുറമുഖ പദ്ധതി കാരണം ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം, അപകടമുണ്ടാകുന്ന സ്ഥലങ്ങളില്‍ സുരക്ഷ, തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് പരിഹാരം എന്നീ ആവശ്യങ്ങളാണ് തീരദേശവാസികള്‍ ഉന്നയിക്കുന്നത്. അതോടൊപ്പം മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കണമെന്ന ആവശ്യവും സമരക്കാര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്

You might also like