കൊളംബിയൻ വിമാനത്താവളത്തിലെ ക്രിസ്ത്യൻ ദേവാലയം ഇനി സകല മതസ്ഥര്‍ക്കും ഉപയോഗിക്കാം

0

ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയിലെ എല്‍ ഡൊറാഡോ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിലെ ക്രിസ്ത്യൻ ദേവാലയം സകല മതസ്ഥര്‍ക്കുമുള്ള പൊതു ആരാധനാ കേന്ദ്രമാക്കി ബൊഗോട്ട മേയറുടെ കാര്യാലയത്തിലെ സെക്രട്ടറിയേറ്റ് ഓഫ് ഗവണ്‍മെന്റ്‌. തലസ്ഥാന നഗരമായ ബൊഗോട്ടയുടെ പ്രാന്തപ്രദേശത്തുള്ള ഫോണ്ടിബോണിലാണ്‌ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. നടപടിയെ വിവിധ സഭാ നേതാക്കന്മാരും കടുത്ത ഭാഷയില്‍ അപലപിച്ചു. വിമാനത്താവളം ക്രിസ്ത്യൻ ദേവാലയമായി ഉപയോഗിച്ചിരുന്ന സ്ഥലം പരിഷ്കരിച്ച് സകല മതസ്ഥര്‍ക്കുമുള്ള ആരാധനാ കേന്ദ്രമാക്കി മാറ്റുമെന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 26-നാണ് എയര്‍ പോര്‍ട്ട്‌ അധികാരികള്‍ അറിയിച്ചത്.

ദേവാലയം പൊതു ആരാധന കേന്ദ്രമാക്കിയിട്ടുണ്ടെങ്കിലും എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഉച്ച വരെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനുള്ള അനുവാദം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നു ബിഷപ്പ് ജുവാന്‍ വിന്‍സെന്റ്‌ പറഞ്ഞു. ദേവാലയമിരിക്കുന്ന സ്ഥലം ഒഴിഞ്ഞ് നല്‍കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള ‘ഒപൈന്‍’ (സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്ന സ്വകാര്യം കമ്പനി) ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ അറിയിപ്പ് ഇക്കഴിഞ്ഞ ഏപ്രില്‍ 11-നാണ് ലഭിച്ചതെന്നു ബിഷപ്പ് കൊര്‍ഡോബാ തന്റെ രൂപതയിലെ വൈദികര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ആഭ്യന്തര മന്ത്രാലത്തിന് വേണ്ടി ബൊഗോട്ട മേയറുടെ കാര്യാലയത്തിലെ സെക്രട്ടറിയേറ്റാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അറിയുവാന്‍ കഴിഞ്ഞുവെന്നും കത്തില്‍ പറയുന്നു. തന്റെ അഭിഭാഷകര്‍ എല്ലാത്തരം വാദങ്ങളും ഉന്നയിച്ചുവെങ്കിലും ചാപ്പലിലെ ക്രിസ്ത്യൻ അടയാളങ്ങളും, ചിഹ്നങ്ങളും, പ്രതീകങ്ങളും, പ്രാര്‍ത്ഥനാ സാമഗ്രികളും എടുത്ത് മാറ്റി സകല മതസ്ഥര്‍ക്കും ആരാധിക്കുവാനുള്ള കേന്ദ്രമാക്കി മാറ്റുവാനായിരുന്നു അന്തിമ തീരുമാനമെന്നും, അതുകൊണ്ട്‌ നിയമം അനുസരിച്ചു എല്ലാം തങ്ങള്‍ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അനേകം പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യമാണ്‌ ഇപ്പോൾ.

You might also like