മടങ്ങിവരവിന്റെ പ്രാർത്ഥന

0

വിലാ. 5:21 “യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ.”

യിസ്രായേലിന്റെ നിന്ദകളിലേക്കു യഹോവയുടെ ശ്രദ്ധ തിരിക്കുവാനുള്ള പ്രാർത്ഥന (5:1-18), പ്രവാസത്തിനു മുമ്പുള്ള അഥവാ പണ്ടത്തെ കാലത്തേക്കുള്ള മടങ്ങിവരവിനായുള്ള പ്രാർത്ഥന (5:19-22) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

പ്രവാസത്തിന്റെ വൈഷമ്യങ്ങളും യെരുശലേമിൽ ശേഷിക്കുന്നവരുടെയും മിസ്രയീമ്യരുടെയും അശൂര്യരുടെയും കീഴിൽ (5:6) പാർക്കുന്നവരുടെയും ദുരവസ്ഥയുടെ ചിത്രം വളരെ വ്യക്തമായി ഈ അദ്ധ്യായത്തിന്റെ വായനയാകുന്നു. അതേസമയം പ്രവാസത്തിനു മുമ്പുള്ള യെരുശലേമിലെ പാർപ്പിനെ പണ്ടത്തെപ്പോലെയുള്ള നല്ലകാലം എന്നു വിശേഷിപ്പിച്ചിരുന്നു. യെരുശലേമിലേക്കുള്ള മടങ്ങിവരവല്ല, മറിച്ചു, ദൈവത്തിങ്കലേക്കുള്ള മടങ്ങിവരവാണ്‌ ഇവിടുത്തെ പ്രമേയം. പ്രവാസത്തിന്റെയും നാശോന്മുഖതയുടേയും കൃത്യമായ കാരണം പ്രവാചകൻ ചൂണ്ടികാണിക്കുന്നു. ദൈവത്തിങ്കൽ നിന്നുള്ള വിദൂര ഗമനമാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിനു കാരണമെന്ന തിരിച്ചറിവ് ജനത്തിന് കൊടുക്കുവാൻ പ്രവാചകൻ ശ്രമിക്കുന്നു. ദൈവത്തിങ്കലേക്കുള്ള തിരിച്ചുവരവും നിരപ്പാകലും മാത്രമാണ് ഇപ്പോഴുള്ള പരിസരങ്ങളെ അതിജീവിക്കുവാനുള്ള ഏകമാർഗ്ഗമെന്നു പ്രവാചകൻ തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ പ്രവാചകൻ ദൈവത്തോടു നടത്തുന്ന പ്രാർത്ഥന മാതൃകാപരമായ അനുക്രമമായി പഠിയ്ക്കുന്നതാണെനിക്കിഷ്ടം! പ്രവാചകന്റെ പ്രാർത്ഥനയുടെ രണ്ടാം ഭാഗത്തു, പണ്ടത്തെപ്പോലെയുള്ള നല്ലനാളുകൾക്കായുള്ള അപേക്ഷ മുമ്പോട്ടു വയ്ക്കപ്പെടുന്നു. സ്വന്തനാട്ടിൽ പാർത്തു, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കുന്ന, കൃഷിയിടങ്ങളിൽ വിളവ് ഉളവാക്കുന്ന, ആട്ടിൻകൂട്ടങ്ങൾ സമൃദ്ധിയായി മേയുന്ന ആ നല്ല നാളുകൾ ഗൃഹാതുരമായ ഓർമ്മകളായി പ്രവാചക ഹൃദയത്തെ തളരിതമാക്കുന്നു. ആ ദശയിലേക്കുള്ള മടങ്ങിപോക്കിനായുള്ള പ്രാർത്ഥന ഈ പുസ്തകത്തിന്റെ തന്നെ സമാപനക്കുറിപ്പായി മനസ്സിലാക്കാം.

പ്രിയരേ, യഹോവയിങ്കലേക്കുള്ള മടങ്ങിവരവ് അഥവാ മാനസാന്തരമാണ്‌ പണ്ടത്തെപ്പോലെയുള്ള നല്ല നാളുകൾ സാധ്യമാക്കുന്നത്. ഹൃദയപൂർവ്വം അതിനു തയ്യാറാകുന്നിടത്താണ് തകർച്ചകൾ പണിയപ്പെടുന്നത്. അവിടുത്തെ ദയ ശാശ്വതവും കരുണ എന്നേക്കുമുള്ളതാണല്ലോ! അതാൽ വിലാപങ്ങളുടെ നാളുകളും ചിതറപ്പെടലിന്റെ വേദനകളും ഓർമ്മയായി മാറുമെന്ന പാഠം കുറിച്ചുകൊണ്ട് അഞ്ചു അദ്ധ്യായങ്ങളും നൂറ്റമ്പത്തിനാലു വാക്യങ്ങളുമുള്ള വിലാപങ്ങളുടെ പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിനു വിരാമമേറ്റുന്നു.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like