ക്രിസ്ത്യൻ സ്ത്രീകൾക്കും പിതൃസ്വത്തിന് അവകാശം; സുപ്രധാന വിധി മേരി റോയിയെ പ്രശസ്തയാക്കി

0

കോട്ടയം: സ്ത്രീകളുടെ അവകാശത്തിനായുള്ള നിയമപോരാട്ടത്തിലൂടെ പ്രശസ്തയായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു, വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മയാണ്.

ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തെ ചോദ്യം ചെയ്ത മേരി റോയ് നടത്തിയ നിയമപോരാട്ടമാണ് സ്ത്രീകൾക്ക് പിതൃസ്വത്തിന് അർഹതയുണ്ടെന്ന സുപ്രധാന വിധിക്ക് വഴിവെച്ചത്. 1986ലാണ് തിരുവിതാംകൂർ കൊച്ചിൻ പിന്തുടർച്ച അവകാശനിയമം അസാധുവാക്കി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

പിവി ഐസക്കിന്റെ മകളായി 1933 ൽ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. ഡൽഹി ജീസസ് മേരി കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളജിൽ നിന്ന് ബിരുദം നേടി. കൽക്കത്തയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യവേ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് മേരി റോയ് വിവാഹം ചെയ്തത്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ മൂലം കുട്ടികളുമായി തിരിച്ചെത്തി പിതാവിന്റെ ഊട്ടിയിലുള്ള വീട്ടിൽ താമസമാക്കി 1916-ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമത്തെ ചോദ്യംചെയ്ത് മേരിറോയ് കോടതി കയറുന്നത്.

1960കളുടെ പാതിയോടെ കീഴ്കോടതികളിൽ നിന്നും ആരംഭിച്ച മേരിയുടെ ഈ നിയമപോരാട്ടം 1984-ൽ ഈ സുപ്രീംകോടതിയുടെ മുൻപിലെത്തി. 1986-ൽ, തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശനിയമം സുപ്രീംകോടതി അസാധുവാക്കി. വിൽപ്പത്രമെഴുതാതെ മരിക്കുന്ന അപ്പന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമെന്ന ക്രിസ്ത്യൻ പുരുഷസമൂഹത്തെ ഞെട്ടിച്ച ആ വിധിയാണ് മേരിയെ പ്രശസ്തയാക്കിയത്.

കേസിലൂടെ അവകാശം നേടിയ വീട് മേരി റോയ് പിൽക്കാലത്തു സഹോദരനുതന്നെ തിരിച്ചുനൽകി. സഹോദരന് എതിരെയല്ല കോടതിയിൽ പോയതെന്നും നീതി തേടിയാണെന്നും മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അതെന്നും പിന്നീട് മേരി റോയ് അഭിപ്രായപ്പെട്ടിരുന്നു.

You might also like