കെബാർ നദീതീരത്തെ ദിവ്യദർശനങ്ങൾ
യെഹെ. 1:1 “മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ സ്വർഗ്ഗം തുറന്നു ഞാൻ ദിവ്യദർശനങ്ങളെ കണ്ടു.”
യെഹെസ്കേലിന്റെ പശ്ചാത്തലം (1:1-3), നാലുജീവികളുടെയും രഥത്തിന്റെയും ദർശനം (1:4-14), നാലു ചക്രങ്ങളുടെ ദർശനം (1:15-21), തിളങ്ങുന്ന വിതാനത്തിന്റെ ദർശനം (1:22-28) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
ഒരു പുരോഹിത കുടുംബത്തിൽ ബൂസിയുടെ മകനായി ജനിച്ച യെഹെസ്കേൽ, ബി സി 597 ൽ യഹൂദാ പ്രവാസികളോടൊപ്പം ബാബേലിലേക്കു കൊണ്ടുപോകപ്പെട്ടു. ബാബിലോണിലെ പ്രവാസികളുടെ ഇടയിൽ പാർത്തുകൊണ്ടു പ്രവാസത്തിനു കാരണമായ അവരുടെ പാപങ്ങൾ ജനത്തെ ഓർപ്പിക്കുക എന്ന ശുശ്രൂഷയാണ് യെഹെസ്കേൽ ചെയ്തുവന്നത്. യെഹെസ്കേൽ എന്ന വാക്കിനു “ദൈവം ശക്തീകരിക്കുന്നു” എന്നാണ് അർത്ഥം. ബിസി 592 – 570 കാലഘട്ടത്തിൽ എഴുതപ്പെട്ട നാല്പത്തെട്ടു അദ്ധ്യായങ്ങളും ആയിരത്തി ഇരുനൂറ്റി എഴുപത്തിരണ്ട് (1272) വാക്യങ്ങളുമുള്ള തിരുവെഴുത്തുകളിലെ ഇരുപത്തിയാറാമത്തെ പുസ്തകമായ യെഹെസ്കേലിന്റെ പ്രവചനത്തിലൂടെയുള്ള ധ്യാനപൂർവ്വമായ ആത്മീക സഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം.
പൗരോഹിത്യ ശുശ്രൂഷയിൽ പ്രവേശിക്കുന്ന മുപ്പതാം വയസ്സിൽ (സംഖ്യാ. 4:2,3) പ്രവാചക ശുശ്രൂഷയിലേക്കു പദമൂന്നി യെഹെസ്കേൽ. തുർക്കിയിൽ നിന്ന് ഉത്ഭവിച്ചു തെക്കുകിഴക്ക് സിറിയയിലൂടെയും ഇറാഖിലൂടെയും ഒഴുകുന്ന നദിയാണ് കെബാർ നദി. യെഹെസ്കേൽ പ്രവാചകന്റെ ശുശ്രൂഷയുടെ നല്ലൊരുപങ്ക് ദൃശ്യങ്ങളും കെബാർ നദിയെ ചുറ്റിപ്പറ്റിയുള്ളതാണ്. എട്ടു പ്രാവശ്യത്തോളം കെബാർ നദിയുടെ പരാമർശം ഈ പുസ്തകത്തിൽ വായിക്കുന്നുണ്ട്. കെബാർ എന്ന പദത്തിന് ദൃഢത അഥവാ കരുത്ത് എന്നാണർത്ഥം. ബാബേൽ പ്രവാസികൾ പാർപ്പിക്കപ്പെട്ട (3:15) സ്ഥലമായിരുന്നു കെബാർ നദിയുടെ പരിസരങ്ങൾ. പ്രവാസികളുമായി നൈരന്തര്യമായി യെഹെസ്കേൽ നടത്തിയ സമ്പർക്കം അവരുടെ നിജസ്ഥിതിയുടെ തിരിച്ചറിവ് പ്രാപിക്കുവാനും അതിനനുസരിച്ചു ജനത്തെ പ്രബോധിപ്പിക്കുവാനും തനിക്കായി എന്നു കരുതാം. അത്തരത്തിലുള്ള ഒരു ഇടപെടലിന്റെ തെളിവായി ഒന്നാം അദ്ധ്യായത്തിലെ ദർശനങ്ങളെ പഠിയ്ക്കുന്നതാണെനിക്കിഷ്ടം!
പ്രിയരേ, സുരക്ഷിത മേഖലകളിലിരുന്നു സമൂഹത്തിന്റെ താഴേക്കിട കാണുക അത്ര എളുപ്പമല്ല. സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് ശരിയായ സമർപ്പണം. അവിടെയാണ് ദിവ്യദർശനങ്ങളുടെ വിതാനങ്ങൾ തുറക്കപ്പെടുന്നത്. ആ ദർശങ്ങളാകട്ടെ ദൗത്യനിർവ്വഹണത്തിന്റെ പാതയിലൂടെയുള്ള അനായാസ സഞ്ചാരം ഉറപ്പാക്കുകയും ചെയ്യും; തീർച്ച.
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.