പീഡിത ക്രൈസ്തവരെ അനുസ്മരിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ മുസ്ലിം ബാസ്ക്കറ്റ്ബോൾ താരവും

0

വാഷിംഗ്ടണ്‍ ഡി‌.സി: ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന പീഡിത ക്രൈസ്തവ സമൂഹത്തെ അനുസ്മരിക്കാൻ വാഷിംഗ്ടൺ ഡിസിയിൽ സെപ്റ്റംബർ 24നു നടക്കാനിരിക്കുന്ന റാലിയിൽ പ്രശസ്ത ബാസ്ക്കറ്റ്ബോൾ താരവും, ഇസ്ലാം മതസ്ഥനുമായ എനേസ് കന്റർ പങ്കെടുക്കും. ‘ഫോർ ദി മാർട്ടിയേഴ്സ്’ എന്ന സംഘടനയാണ് റാലി ഇത്തവണയും സംഘടിപ്പിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടുത്ത വിമർശകൻ കൂടിയാണ് തുർക്കി വംശജനായ 30 വയസ്സുള്ള എൻബിഎ താരം എനേസ് കന്റർ. നാഷ്ണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷനും, താരങ്ങളും, ടീമുകളും ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരതകളെ വിമർശിക്കാതെ നിശബ്ദത പാലിക്കുന്നതിൽ എനേസ് കന്റർ നിരവധി തവണ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.  

ഇക്കാരണത്താൽ ഫെബ്രുവരി മാസത്തിനു ശേഷം അദ്ദേഹവുമായി ഉടമ്പടി ഒപ്പുവെക്കാൻ ഒരു ടീമും മുന്നോട്ടു വന്നിട്ടില്ല. ഈ തലമുറയിൽ കന്ററിന്റെ ശബ്ദം പ്രധാനപ്പെട്ടതാണെന്ന് ഫോർ ദി മാർട്ടിയേഴ്സ് സംഘടനയുടെ സ്ഥാപക ജിയാ ചക്കോൺ പറഞ്ഞു. ശബ്ദമില്ലാത്തവർക്ക് വേണ്ടി നിലപാട് എടുക്കാൻ അദ്ദേഹത്തിന് എല്ലാം നഷ്ടപ്പെടുത്തേണ്ടി വന്നെന്നും ജിയാ ചക്കോൺ പറഞ്ഞു. ക്രൈസ്തവ പീഡനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ നിലനിൽക്കുന്ന നിശബ്ദതയെ നേരിടാനാണ് മാർച്ച് ഫോർ ദി മാർട്ടിയേഴ്സ് നിലനിൽക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. 

ക്രൈസ്തവരാണ് ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് എന്ന കാര്യം ആരും ശ്രദ്ധിക്കാറില്ലായെന്നും, അതിനാൽ ക്രൈസ്തവ പീഡനം ആളുകളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ നടത്തുന്ന പരിപാടികൾക്കു ഏറെ പ്രാധാന്യമുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കി. ക്രൈസ്തവരും, മുസ്ലിം മതസ്ഥരും തമ്മിൽ ഒരു പാലം പണിയണം. പീഡിത ക്രൈസ്തവർക്ക് വേണ്ടിയും, മതസ്വാതന്ത്ര്യത്തിനു വേണ്ടിയും എനേസ് കന്റർ ശബ്ദിക്കുന്നത് വിഷയത്തിലുളള പ്രതികരണത്തിന്റെ ശക്തികൂട്ടുമെന്ന് ജിയാ വിശദീകരിച്ചു. 

ചൈനയെ കൂടാതെ തുർക്കി സർക്കാരിന്റെയും വലിയ വിമർശകനാണ് ഫ്രീഡം ഫൗണ്ടേഷന്റെ സ്ഥാപകൻ കൂടിയായ എനേസ് കന്റർ. സംഘടന ജനങ്ങളുടെ സിവിൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. ജൂൺമാസം വാഷിംഗ്ടൺ ഡിസിയിൽ വച്ച് നടന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമ്മേളനത്തിലും കന്റർ പ്രസംഗിച്ചിരുന്നു.

You might also like