മൊസാംബിക്കിൽ ഇറ്റാലിയൻ മിഷ്ണറി സന്യാസിനി കൊല്ലപ്പെട്ടു
നംബുല: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇറ്റാലിയൻ മിഷ്ണറി സന്യാസിനി കൊല്ലപ്പെട്ടു. ഉത്തര മൊസാംബിക്കിലെ നംബുല പ്രവിശ്യയിൽ സെപ്റ്റംബർ ആറാം തീയതി അര്‍ദ്ധരാത്രിയോടെയാണ് മരിയ ഡി കോപ്പി എന്ന സന്യാസിനി ദാരുണമായി കൊല്ലപ്പെട്ടത്. 1963ലാണ് ഇറ്റലിയിലെ സാന്താ ലൂസിയ ഡി പിയാവിൽ നിന്ന് ഇപ്പോൾ 84 വയസ്സുള്ള സിസ്റ്റർ മൊസാംബിക്കിൽ എത്തിയത്. സിസ്റ്റർ ലൂസിയയുടെയും സഹ മിഷ്ണറിമാരുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയും, സ്കൂളുകളും, ദേവാലയവും അക്രമികൾ നശിപ്പിച്ചു. വിദ്യാർത്ഥികൾ താമസിച്ചിരുന്ന ഡോർമെറ്ററിയിലേക്ക് ഓടിപ്പോകുന്നതിനിടയിൽ സിസ്റ്റർ ലൂസിയയുടെ ശിരസ്സിൽ വെടിയേൽക്കുകയായിരുന്നു. ഇതിനിടയിൽ രണ്ടു മിഷ്ണറിമാര്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്ന് ‘ഏജൻസിയ ഫിഡെസ്’ റിപ്പോർട്ട് ചെയ്തു.
അവർ താമസിച്ചിരുന്ന ചിപ്പനെ എന്ന പട്ടണത്തിൽ നിന്നും സിസ്റ്ററിന്റെ ഭൗതികശരീരം മറ്റൊരു മിഷൻ സ്ഥലത്തേക്ക് മൃതസംസ്കാരം നടത്താനായി കൊണ്ടുപോകാൻ സഹസന്യാസിനികൾ പുറപ്പെട്ടുവെന്ന് നംബുല അതിരൂപതയുടെ ആർച്ച് ബിഷപ്പ് മോൺ. ഇനേസിയോ സൗറി പറഞ്ഞു. ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന സംശയം അദ്ദേഹം പ്രകടിപ്പിച്ചു. നംബുലയും, ഗാബോ ഡെൽഗാഡോ പ്രവിശ്യയും സ്ഥിരമായി ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം നടക്കുന്ന സ്ഥലങ്ങളാണ്. സൈന്യത്തിന്റെ ഇടപെടലിലൂടെ ഗാബോ ഡെൽഗാഡോയിൽ ഒരു പരിധിവരെ തീവ്രവാദികളെ അടിച്ചമർത്താൻ സാധിച്ചെങ്കിലും, നംബുലയിൽ ഏതാനും മാസങ്ങളായി ആക്രമണങ്ങളുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ഇവിടെ നിന്നും പലായനം ചെയ്തിട്ടുള്ളത്.