മ്യാന്‍മർ സൈന്യം ക്രിസ്ത്യൻ ദേവാലയം അതിക്രമിച്ച് കയറി അടുക്കളയാക്കി
മോബൈ: ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് പട്ടാള ഭരണം തുടരുന്ന തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ മ്യാന്‍മറില്‍ ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വീണ്ടും തുടര്‍ക്കഥ. തെക്കന്‍ സംസ്ഥാനമായ ഷാനിലെ മോബൈ പട്ടണത്തിലെ മദര്‍ ഓഫ് ഗോഡ് ദേവാലയമാണ് ഒടുവില്‍ ആക്രമിക്കപ്പെട്ട ദേവാലയം. പട്ടാള ഭരണകൂടത്തിന്റെ ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിക്കുന്ന ജുണ്ടാ സൈന്യം ദേവാലയത്തില്‍ അതിക്രമിച്ച് കയറി ആധിപത്യം സ്ഥാപിച്ച് ദേവാലയത്തിന് ചുറ്റും മൈനുകള്‍ സ്ഥാപിച്ച് ദേവാലയത്തെ അടുക്കളയായി ഉപയോഗിച്ച് വരികയായിരുന്നു. പ്രാദേശിക പ്രതിരോധ സേനയുമായുള്ള കടുത്ത പോരാട്ടത്തേത്തുടര്‍ന്ന് ഈ ആഴ്ചയാണ് ജുണ്ടാ സൈന്യം ദേവാലയത്തില്‍ നിന്നും പിന്‍വലിഞ്ഞത്.
ദേവാലയത്തിലെ വൃത്തിഹീനമായ തറയുടെയും, ഇരിപ്പിടങ്ങളുടെയും, പൊടിപിടിച്ച പാചക പാത്രങ്ങളുടെയും, സൈനീക യൂണിഫോമുകളുടെയും വീഡിയോ പ്രാദേശിക പ്രതിരോധ സേന സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പ്രാദേശിക പ്രതിരോധ സേനയുടെ ആക്രമണത്തെ പ്രതിരോധിക്കുവാനാണ് ജുണ്ടാ സൈന്യം ദേവാലയത്തില്‍ അതിക്രമിച്ച് കയറിയതെന്നു പ്രദേശവാസികള്‍ പറയുന്നു. ദൈവത്തിന്റെ ആലയമായ പള്ളിക്ക് കേടുപാടുകള്‍ വരുത്തിയത് പൈശാചികമാണെന്നും ഇത് കാണുന്നത് സങ്കടകരമാണെന്നും വൈദികരും വിശ്വാസികളും പ്രതികരിച്ചു.
കഴിഞ്ഞയാഴ്ച മോബൈ പട്ടണത്തില്‍ ജുണ്ടാ സൈന്യവും പ്രാദേശിക പ്രതിരോധ സേനയും തമ്മില്‍ കടുത്ത പോരാട്ടമായിരുന്നു നടന്നത്. പട്ടാളക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സൈന്യം ശക്തമായ ആയുധങ്ങള്‍ ഉപയോഗിച്ച വ്യോമാക്രമണവും നടത്തുകയുണ്ടായി. വ്യോമാക്രമണത്തില്‍ നൂറിലധികം വീടുകള്‍ തകരുകയും, അയ്യായിരത്തിലധികം പേര്‍ വീടുപേക്ഷിച്ച് പലായനം ചെയ്തുവെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പെഖോണ്‍, ലോയികോ എന്നീ രൂപതകളെയാണ് ഏറ്റുമുട്ടല്‍ ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത്. നിലവില്‍ പെഖോണ്‍ രൂപതയിലെ ആറോളം പള്ളികളാണ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്.
സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ ഉള്‍പ്പെടെയുള്ള പല ദേവാലയങ്ങളും ഒന്നിലധികം പ്രാവശ്യം ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നു സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. കായ, ഷാന്‍ സംസ്ഥാനങ്ങളില്‍ ഒന്നര ലക്ഷം ആളുകളാണ് ദേവാലയങ്ങളിലും, വനത്തിലെ താല്‍ക്കാലിക ഷെല്‍ട്ടറുകളിലും അഭയം പ്രാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലെ സൈനിക അട്ടിമറിക്ക് ശേഷം കൊലപാതകം, പീഡനം, നാടുകടത്തൽ, തടവ്, സാധാരണക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടങ്ങിയ മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യങ്ങളുടെ തെളിവുകൾ കൂടിക്കൊണ്ടിരിക്കുകയാണെന്നു ഈ മാസം 12-ന് ചേര്‍ന്ന യു.എൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തില്‍ മ്യാന്മറിനായുള്ള ഇൻഡിപെൻഡന്റ് ഇൻവെസ്റ്റിഗേറ്റീവ് സംഘത്തിന്റെ തലവനായ നിക്കോളാസ് കൊംജിയാൻ വെളിപ്പെടുത്തിയിരിന്നു.