ഹൃദയമാറ്റ ചികിത്സയുടെ ആത്മീക വീക്ഷണം
യെഹെ. 11:19 “അവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവർക്കു കൊടുക്കും.”
യെരുശലേമിന്റെ ദുഷ്ടതകൾ ന്യായം വിധിയ്ക്കപ്പെടുന്നു (11:1-13), പ്രവാസികളോട് അനുഭാവപൂർവ്വമായ ദൈവിക ഇടപെടൽ (11:14-22), ദൈവമഹത്വം യെരുശലേം വിട്ടുപോകുന്നു; പ്രവാചകൻ ദർശനത്തിൽ ബാബേലിൽ അഥവാ കല്ദയദേശത്തു എത്തിച്ചേരുന്നു (11:14-22) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
കല്പനകളും പ്രമാണങ്ങളും ആചരിക്കാതെ പുറംകാലിനു തട്ടിയെറിഞ്ഞ യിസ്രായേൽ പ്രവാസത്തിന്റെ കാഠിന്യം നന്നായി അനുഭവിക്കുന്നു. താഴ്വരകളിലെ പ്രാവുകൾ മലകളിൽ അഭയം നേടി കുറുകുന്നതുപോലെയുള്ള ശേഷിപ്പ് (7:16) തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞു ദൈവത്തോട് അഭിമുഖമാകുന്നതിന്റെ ശുഭസൂചന ഈ വാക്യങ്ങളുടെ കാര്യസാരമാണ്. അനുതാപവും കരച്ചിലും വചനം അനുസരിക്കുവാൻ അവരിൽ ഉളവാക്കിയ താത്പര്യവും സമർപ്പണവും യഹോവയായ ദൈവം കാണുകയും അതിനനുസരണമായി അവരുടെ ഹൃദയങ്ങളുടെ പുനഃസ്ഥാപനം നടത്തപ്പെടുകയും ചെയ്യുന്നു. ദൈവവചനത്തോടും കല്പനകളോടും മറുതലിപ്പു പുലർത്തുന്ന കല്ലായുള്ള ഹൃദയം മാറ്റിയിട്ടു അലിവും സമർപ്പണവും സ്വഭാവമാക്കിയ പുതിയ ഹൃദയവും, അതായതു മാംസമായുള്ള ഹൃദയം അവരിൽ സ്ഥാപിക്കുന്ന ദൈവിക പര്യാലോചന ഇവിടെ പ്രകടമാക്കുന്നു. തഴമ്പിച്ചു പോയ മനസാക്ഷിയുടെ നിലച്ചുപോയ പ്രവർത്തനം ദൈവോന്മുഖതയ്ക്കു വിഘാതം സൃഷ്ടിക്കുമെന്ന വസ്തുത ഇവിടെ അടിവരയിടപ്പെടുന്നു. വിഗ്രഹാരാധനയും മ്ലേച്ഛതകളും ദൈവപ്രകോപനത്തിനു മാത്രമുതകുന്ന ശീലങ്ങളും യിസ്രായേലിന്റെ ഹൃദയത്തിൽ കുടികൊള്ളുന്നു. അതിന്റെ പ്രതിഫലനം ആത്മീകവും രാഷ്ട്രീയവുമായ പരിസരങ്ങളിൽ അധഃപതനം സൃഷ്ടിക്കുന്നു. ഈ പശ്ചാത്തലം വാളിനും ക്ഷാമത്തിനും മഹാമാരിയ്ക്കും ഒടുവിൽ പ്രവാസത്തിനും കാരണമാകുകയും ചെയ്തിരിക്കുന്നു. ഈ സ്ഥിതിവിശേഷത്തിൽ യിസ്രായേലിന്റെ സമൂലമായ മടങ്ങിവരവ് ‘ഹൃദയമാറ്റ ചികിത്സ’ അല്ലാതെ മറ്റൊന്നിനാലും സാധ്യമാകില്ലെന്ന ദൈവപക്ഷം പ്രകടമാക്കുന്നു. മാറ്റിവയ്ക്കപ്പെട്ട പുതിയ ഹൃദയം ദൈവവചനത്തോടും അവിടുത്തെ ഇച്ഛകളോടും ക്രിയാത്മകമായി പ്രതികരിക്കുന്നതും മടങ്ങിവരവിന്റെ പാതകളിൽ കാലൂന്നുവാൻ ജനത്തെ തയ്യറാക്കുന്നതും ആയിരുന്നു.
പ്രിയരേ, ഹൃദയം എല്ലാറ്റിനേക്കാളും വിഷമമേറിയതാണ്. അതിന്റെ കാഠിന്യവും ക്രിയാത്മകമായ പ്രതികരണശേഷിയുടെ പോരായ്മകളും അതിഭയാനകമായ സ്ഥിതിവിശേഷങ്ങൾ ഉളവാക്കുമെന്ന ചരിത്രത്തിന്റെ പുഷ്‌ടീകരണമാണ് മേൽപ്പറയപ്പെട്ട വായനകളിൽ തെളിഞ്ഞു നിന്നതു. എന്നാൽ ഒരു ജീര്ണ്ണോ ദ്ധാരണ പ്രക്രിയയ്ക്കു പകരം പുതിയ ഹൃദയത്തിന്റെ പുനഃസ്ഥാപനമാണ് ഇവിടെ അനിവാര്യമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.