ബ്രിട്ടൻ നിർമ്മിച്ചതല്ലാതെ ഇന്ത്യ എന്ത് നിർമ്മിച്ചുവെന്ന് ടക്കർ കാൾസൺ

0

പ്രകോപനം പതിവാക്കിയ ഫോക്സ് ന്യൂസ് ആങ്കർ ടക്കർ കാൾസൺ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ ക്ഷുഭിതരാക്കി. ബ്രിട്ടീഷുകാർ വരും മുൻപ് ഇന്ത്യയിൽ ശിൽപ്പകലാ വിസ്മയങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന വിഢിത്തമാണ് ഇക്കുറി ഇയാൾ പറഞ്ഞത്. അതിനു പുറമെ, ‘സ്വാതന്ത്ര്യം ലഭിച്ചു 75 വർഷം കഴിഞ്ഞിട്ടും മുംബൈയിലെ വിക്ടോറിയ ടെർമിനസ് പോലെ മനോഹരമായ ഒരൊറ്റ കെട്ടിടമെങ്കിലും ഇന്ത്യ നിർമിച്ചോ?’ എന്നും കാൾസൺ ചോദിച്ചു.

കാൾസന്റെ പ്രസ്താവന വർണവെറിയിൽ നിന്നുൽഭവിച്ച അജ്ഞതയാണെന്നു തറപ്പിച്ചു പറഞ്ഞവരിൽ ചെക്ക് ടെന്നീസ് ഇതിഹാസം മാർട്ടീന നവരത്തിലോവ വരെയുണ്ട്. “ചരിത്രത്തെ കുറിച്ചുള്ള നിങ്ങളുടെ അജ്ഞത അമ്പരപ്പിക്കുന്നതാണ്,” നവരത്തിലോവ ട്വീറ്റ് ചെയ്തു. ശശി തരൂരിന്റെ ‘ഇൻഗ്ലോറിയസ് എമ്പയർ’ ഒന്ന് വായിച്ചു നോക്കിയിട്ടു ഒന്ന് കൂടി ശ്രമിക്കൂ

“നിങ്ങളുടെ വർണവെറി അവിശ്വസനീയമാണ്. നിങ്ങളുടെ അവിവേകം ഒളിംപിക് മാനങ്ങൾ ഉള്ളതാണ്.”

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൈകളിലെ ചോര തുടയ്ക്കാനുള്ള ശ്രമത്തിൽ സെപ്റ്റംബർ 8-നു കാൾസൺ പറഞ്ഞു: “വലിയ രാജ്യങ്ങളെ ചെറിയ രാജ്യങ്ങൾ കീഴടക്കും. അത് ഇന്നുമുണ്ട്. ഇംഗ്ലീഷുകാർ അവരുടെ കോളനികളോടുള്ള ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുകയെങ്കിലും ചെയ്തു. അവർ എടുക്കുക മാത്രമല്ല, കൊടുക്കുകയും ചെയ്തു.

“ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ വലിയൊരു നാഗരികതയാണ് ബാക്കി വച്ചത്. ഒരു ഭാഷ നൽകി, നിയമസംഹിത നൽകി, സ്കൂളുകളും പള്ളികളും പൊതു കെട്ടിടങ്ങളും നൽകി. അതെല്ലാം ഇന്ത്യ ഇന്നും ഉപയോഗിക്കുന്നു.

“സ്വാതന്ത്ര്യം ലഭിച്ചു 75 വർഷം കഴിഞ്ഞിട്ടും മുംബൈയിലെ വിക്ടോറിയ ടെർമിനസ് പോലെ മനോഹരമായ ഒരൊറ്റ കെട്ടിടമെങ്കിലും ഇന്ത്യ നിർമിച്ചോ?”

ശശി തരൂർ കലി കൊണ്ടു. രോഷം മറച്ചു വയ്ക്കാനുള്ള ഉപാധികൾ ട്വിറ്റർ നൽകിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി, തത്കാലം താൻ സംയമനം പാലിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

വോൾ സ്ട്രീറ്റ് ജേണൽ എഴുത്തുകാരൻ സദാനന്ദ് ധുമേ കാൾസന്റെ നിലപാടിനു തുണ നൽകി. വി ടീയെക്കാൾ സുന്ദരമായ ഒരു കെട്ടിടമെങ്കിലും കാണട്ടെ എന്ന് അദ്ദേഹം ഇന്ത്യക്കാരെ വെല്ലുവിളിച്ചു. കാൾസണും ധുമേയ്ക്കും മറുപടി നൽകാൻ ചിത്രങ്ങളുമായി നിരവധി പേർ ഇന്റർനെറ്റിൽ എത്തി.

അവർ ചൂണ്ടിക്കാട്ടിയ കെട്ടിടങ്ങളിൽ ചിലത്:

അക്ഷർദാം മന്ദിർ, ഡൽഹി: ഹിന്ദു ക്ഷേത്രം, തുറന്നത് 2005ൽ. ഹിന്ദു ഇന്ത്യൻ സംസ്കാരത്തിന്റെ മഹത്തായ ചരിത്രവും ആധ്യാത്മികതയും ശിൽപ മികവും കാണാം.

ലോട്ടസ് ടെംപിൾ, ഡൽഹി: ബഹായി സമൂഹത്തിന്റെ ആരാധനാലയം 1986 ലാണ് തുറന്നത്. താമരപ്പൂവിന്റെ രൂപത്തിലുള്ള ശിൽപം. നഗരത്തിലെ വലിയൊരു ആകർഷണീയത

സോംനാഥ് മന്ദിർ, ഗുജറാത്ത്: പുരാതനമായ ക്ഷേത്രം സ്വാതന്ത്ര്യത്തിനു ശേഷമാണു പുതുക്കി പണിതു മനോഹരമാക്കിയത്. 1951ൽ പൂർത്തിയായി.

വിധാൻ സൗധ, ബംഗളൂരു: ജവാഹർലാൽ നെഹ്റു 1951 ൽ തറക്കല്ലിട്ട കർണാടകാ നിയമസഭാ ആസ്ഥാനം 1956ൽ പൂർത്തിയായി. മൈസൂർ നിയോ-ദ്രാവിഡിയാൻ ശൈലിയിലാണ് പണിതത് (ചിത്രം). സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ പണിത ഏറ്റവും മനോഹരമായ കെട്ടിടങ്ങളിൽ ഒന്ന്.

പ്രേം മന്ദിർ, വൃന്ദാവൻ: ഹൈന്ദവ ക്ഷേത്രം. അന്താരാഷ്ട്ര ജഗദ്ഗുരു കൃപാലു പരിഷദ് ആണ് നടത്തുന്നത്. 2012 ലാണ് തുറന്നത്.

സ്റ്റാച്യു ഓഫ് യൂണിറ്റി, ഗുജറാത്ത്: ലോകത്തു തന്നെ ഏറ്റവും ഉയരമുള്ള ശിൽപം സർദാർ പട്ടേലിന്റേതാണ്. 2013ൽ പണി തുടങ്ങി, 2018 ൽ നാടിനു സമർപ്പിച്ചു (ചിത്രം).

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെന്റ്, അഹ്മദാബാദ്: സ്വതന്ത്ര ഇന്ത്യ 1961ൽ സ്ഥാപിച്ചത്. നാടിൻറെ അഭിമാനയായി കരുതപ്പെടുന്നു.

You might also like