സ്വന്ത നീതിയാൽ പ്രാപ്യമാകുന്ന പ്രാണരക്ഷ
യെഹെ. 14:14 “നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.”
ഹൃദയങ്ങളിൽ വിഗ്രഹങ്ങൾ കരുതുകയും യെരുശലേമിന്റെ നാളെ എന്തെന്നറിയുവാൻ പ്രവാചകന്റെ മുമ്പാകെ വന്ന യിസ്രായേൽ മൂപ്പന്മാരോടുള്ള അരുളപ്പാടു (14:1-11), മാറ്റമില്ലാത്ത ദൈവിക ഇടപെടലിന്റെ നിശിതമായ പ്രഖ്യാപനം (14:11-21), ജനത്തിന്റെയിടയിൽ നിന്നും വേർതിരിക്കപ്പെടുന്ന ശേഷിപ്പ് എന്ന ആശ്വാസം (14:22-23) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
പ്രവാസത്തിൽ പാർക്കുന്ന യഹൂദന്മാരുടെ മൂപ്പന്മാരിൽ ചിലർ യെഹെസ്കേൽ പ്രവാചകന്റെ മുമ്പിൽ വന്ന പശ്ചാത്തലമാണ് ഈ അദ്ധ്യായം. യെരുശലേമിന്റെ ഭാവി എന്തെന്നു ആരായുകയായിരുന്നിരിക്കാം ഈ കൂടിക്കാഴ്ചയുടെ ഉന്നം. അതേസമയം ആഗതരുടെ ഹൃദയത്തിൽ ഒളിപ്പിച്ചു വച്ചിട്ടുള്ള വിഗ്രഹസ്മരണ കൃത്യമായി തിരിച്ചറിഞ്ഞ പ്രവാചകനാകട്ടെ, കടുത്ത ഭാഷയിലാണ് അവരുമായി യഹോവയുടെ അരുളപ്പാടുകൾ അറിയിച്ചത്. അതായത്, കാപട്യം നിറച്ച അവരുടെ മനോഭാവം നന്നായി വിമർശിക്കപ്പെട്ടു. പ്രവാചക വാക്കുകളുടെ ഗാംഭീര്യവും വിട്ടുവീഴ്ചയില്ലാത്ത ദൈവപദ്ധതികളുടെ രൂപരേഖയും 14 മുതൽ 21 വരെയുള്ള വാക്യങ്ങളുടെ വായനയാകുന്നു. നോഹ, ദാനിയേൽ, ഇയ്യോബ് എന്നീ ഭക്തശിരോമണികൾ ജീവിച്ചിരുന്നാൽ പോലും ദൈവിക ന്യായവിധി അഴിവില്ലാതെ നിറവേറപ്പെടും; മേൽപ്പറയപ്പെട്ട ഭക്തന്മാരുടെ നീതി സ്വയരക്ഷയ്ക്കുതകുമെന്നല്ലാതെ അവരുടെ പുത്രന്മാരെയോ പുത്രിമാരെയോ പോലും രക്ഷിക്കുവാൻ പര്യാപ്തമാകുകയില്ല എന്ന വസ്തുത അടിവരയിട്ടു പ്രസ്താവിക്കുന്നു. വാൾ, ക്ഷാമം, ദുഷ്ടമൃഗം, മഹാമാരി എന്നീ അനർത്ഥകരമായ ന്യായവിധികൾ (14:21) യിസ്രായേലിന്റെ സന്തുലിത ജീവിത നിലവാരത്തെ വളരെ ദോഷകരമായി ബാധിക്കുവാൻ പോകുന്നു. ഈ സ്ഥിതിവിശേഷം ഒഴിവാക്കുവാൻ തുലോം പരിമിതമായ നീതിപ്രവർത്തകരുടെ സത്കർമ്മങ്ങൾ മതിയാകില്ല തന്നെ! മറ്റുള്ളവരുടെ നീതിപ്രവൃത്തികളിൽ ചാരിയുള്ള രക്ഷപെടലിന്റെ സാധ്യതകൾ ഇനിയും അവശേഷിക്കുന്നില്ലെന്ന മുന്നറിയിപ്പിൽ ദൈവപക്ഷത്തിന്റെ പ്രകടീകരണം വായിച്ചെടുക്കരുതോ!
പ്രിയരേ, വേദപുസ്തക ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത യഹോവാ ഭക്തന്മാരായിരുന്നു നോഹ, ദാനിയേൽ, ഇയ്യോബ് മുതലായവർ. അവരുടെ ജീവിത കാലഘട്ടങ്ങൾ ദൈവത്തോടും ജനത്തോടും അവർ പുലർത്തിയ സമീപനം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട ചലനങ്ങൾ തന്നെ ആയിരുന്നു. അത്തരം ഭക്തന്മാരുടെ നിഴലിൽ വിടുതൽ പ്രാപിക്കാമെന്ന വ്യാമോഹം അരുതെന്ന സൂചന ശ്രദ്ധേയമല്ലേ! വ്യക്തിപരമായ അനുതാപത്തിന്റെ കണ്ണീരല്ലാതെ മറ്റൊന്നും വിടുതലിനു കാരണമാകില്ലെന്ന പ്രഖ്യാപനം വരികൾക്കിടയിലെ പ്രതിധ്വനിയുമാകുന്നില്ലേ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.