കാമറൂണിൽ ക്രിസ്ത്യൻ ദേവാലയം അഗ്നിയ്ക്കിരയാക്കി; 8 പേരെ തട്ടിക്കൊണ്ടു പോയി

0

യോണ്ടെ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ ക്രിസ്ത്യൻ ദേവാലയം അഗ്നിക്കിരയാക്കി അഞ്ച് വൈദികരെയും, ഒരു സന്യാസിനിയെയും, രണ്ട് അൽമായരെയും തട്ടിക്കൊണ്ടുപോയി. മംഫി രൂപതയിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ദേവാലയത്തിന് നേരെയാണ് സെപ്റ്റംബർ 16നു ആക്രമണം നടന്നത്. ബമണ്ട സഭാ പ്രവിശ്യയിലെ മെത്രാന്മാരാണ് പത്രക്കുറിപ്പിലൂടെ ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. 2017 മുതൽ ആഭ്യന്തര യുദ്ധം നടക്കുന്ന പ്രദേശമാണ് ഇവിടം. ഞെട്ടലോടെയാണ് സംഭവം കേട്ടതെന്ന് മെത്രാന്മാർ സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ക്രിസ്ത്യൻ സഭയ്ക്കും, സഭാ ശുശ്രൂഷകർക്കും നേരെയും നടക്കുന്ന അക്രമങ്ങളെ അപലപിച്ച മെത്രാൻ സംഘം തട്ടിക്കൊണ്ടുപോയവരെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇംഗ്ലീഷ് സംസാരിക്കുന്ന വടക്ക് പടിഞ്ഞാറും, തെക്ക് പടിഞ്ഞാറുമുള്ള ആയുധധാരികൾ സർക്കാർ സേനയ്ക്കെതിരെ നടത്തുന്ന പോരാട്ടത്തെയാണ് ആംഗ്ലോഫോൺ ക്രൈസിസ് എന്ന പേരിൽ വിശേഷിപ്പിക്കുന്നത്. ആക്രമണങ്ങള്‍ ശക്തമാകുന്നതിനിടെ സാധാരണ പൗരന്മാരെ ഇരുവിഭാഗങ്ങളും ക്രൂരമായി പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരിന്നു.

പോരാട്ടങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. 2014ന് ശേഷം 5 ലക്ഷത്തോളം ആളുകൾക്ക് പലായനം ചെയ്യേണ്ടതായി വന്നു. സെപ്റ്റംബർ ആറാം തീയതി മുഴുക്ക എന്ന സ്ഥലത്ത് ആയുധധാരികൾ ബസ്സിന് നേരെ നടത്തിയ വെടിവെയ്പ്പിൽ ആറു പൗരന്മാരാണ് കൊല്ലപ്പെട്ടത്. കാമറൂണിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ശതമാനം ആളുകളും ക്രൈസ്തവ വിശ്വാസമാണ് പിന്തുടരുന്നത്. രാജ്യത്തു ഇസ്ലാം മതം പിന്തുടരുന്നവര്‍ 25 മുതൽ 30 വരെയാണ്.

You might also like