പ്രതിദിന ചിന്ത | രണ്ടറ്റവും ഭസ്മമായ മുന്തിരിവള്ളി
യെഹെ. 15:2 “മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്കു മറ്റു മരത്തെക്കാൾ എന്തു വിശേഷതയുള്ളു?”
ഫലമില്ലാത്ത മുന്തിരിയുടെ ഉപമ (15:1-5), ഉപമയുടെ പൊരുൾ (15:6-8) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
യിസ്രായേലിനെ മുന്തിരിയോടുപമിച്ചു പ്രതിപാദിച്ചിട്ടുള്ള നിരവധി ഭാഗങ്ങൾ തിരുവെഴുത്തുകളിലുണ്ട്. മശിഹായിലൂടെയുള്ള ജനത്തിന്റെ ഭാവിയനുഗ്രഹങ്ങൾ (ഉൽപ്പ. 49:11) മുന്തിരിയുടെ ഉപമയിലൂടെ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, യിസ്രായേലിനെ വിശേഷമായ പദ്ധതിയിലും തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തിൽ നട്ടു വളർത്തിയെന്ന (സങ്കീ. 80:8-19; യെശ. 5:1-7; യെഹെ.17:5-10; 19:10-14) വിവരണവും തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. യേശുകർത്താവും സഭയും തമ്മിലുള്ള അഭേദ്യവും ഇഴപിണഞ്ഞതുമായ ആഴമായ ബന്ധത്തെ സൂചിപ്പിക്കുവാനും മുന്തിരിയുടെ ഉപമ (യോഹ. 15) പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടെ വ്യത്യസ്തമായ ഒരു പ്രമേയമാണ് ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതായത്, യഹൂദാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ വളർന്നു വന്ന കേവലമൊരു കാട്ടുമുന്തിരി ചെടിയായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഏറെ വിരോധാഭാസം ദ്യോതിപ്പിക്കുന്ന ഉപമയായി ഇതിനെ കാണുന്നതാണെനിക്കിഷ്ടം. നട്ടു സംരക്ഷിക്കപ്പെട്ടു വളർത്തപ്പെട്ട മുന്തിരിവള്ളി എന്നതിനേക്കാൾ മനുഷ്യദൃഷ്ടികൾ എത്തിച്ചേർത്ത വനാന്തർഭാഗത്തു മുളച്ചു വളർന്ന കാട്ടുമുന്തിരി പോലെ വളർച്ചയിലെത്തിയ യിസ്രായേലിന്റെ വിചിത്രമായ ചിത്രം ആഴമുള്ള ആശയങ്ങളുടെ കലവറയല്ലേ! അനുകൂല പരിസരങ്ങളുടെ അഭിവൃദ്ധികൾ സ്വാംശീകരിച്ചു ഫലദായകതയിലേക്കു എത്തേണ്ടതിനു പകരം ഫലശൂന്യമായി പോയ യിസ്രായേലിന്റെ ചരിത്രം ഏറെ വൈഷമ്യകരമായ അടയാളപ്പെടുത്തലായി അവശേഷിക്കുന്നു. കേവലമൊരു ആണി നിർമ്മിക്കുവാൻ പോലും ഉപകരിക്കാത്ത മുന്തിരിച്ചെടിയുടെ രണ്ടറ്റവും (യഹൂദയും ശമര്യയും) ബിസി 597 ൽ ഭാഗികമായും ബി സി 586 ൽ പൂർണ്ണമായും തീയ്ക്കു ഇരയായി പോയിതിന്റെ സൂചന ഈ ഉപമയുടെ കാര്യസാരമാണ്!
പ്രിയരേ, വിപരീത പരിസരങ്ങൾ യിസ്രായേലിനെ തീകൊണ്ടെന്ന പോലെ ഭസ്മമാക്കി കളഞ്ഞു. അതിന്റെ നൈരന്തര്യമായ വായനകൾ ആത്മപരിശോധനയ്ക്കും ദൈവാഭിമുഖതയിലേക്കും നമ്മെ എത്തിക്കുവാൻ ഉതകേണമെന്ന പാഠത്തിനു അടിവരയിടുവാനാണ് പ്രേരണ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.