അശുദ്ധമാകാത്ത യഹോവയുടെ നാമം

0

യെഹെ. 20:11 “ഞാൻ എന്റെ ചട്ടങ്ങളെ അവർക്കു കൊടുത്തു, എന്റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും.”

പ്രവാചകനുമായി സംവദിക്കുവാൻ വന്ന യിസ്രായേൽ മൂപ്പന്മാരെ മിസ്രയീമിലും (20:1-9), മരുഭൂമിയിലും (20:10-26), കനാനിലും (20:27-32), നടത്തിവന്ന വിഗ്രഹാരാധന ഓർമിപ്പിക്കുന്നു; യിസ്രായേലിന്റെ യഥാസ്ഥാപനം (20:33-44), യെരുശലേമിനെതിരായ പ്രവചനം (20:45-49) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേൽ മൂപ്പന്മാർ ഇതു രണ്ടാം പ്രാവശ്യമാണ് പ്രവാചകന്റെ മുമ്പിൽ യഹോവയുടെ അരുളപ്പാടു കേൾക്കുവാൻ എത്തിച്ചേർന്നത് (ഒ. നോ. 8:1). അന്നു പ്രവാചകൻ കണ്ട ദർശനത്തിൽ ദൈവാലയത്തിലെ മ്ലേച്ഛതകളുടെ നേർകാഴ്ച പ്രവാചകൻ ജനത്തോടു അറിയിക്കുകയുണ്ടായി. ഇവിടെയും അധികം വ്യത്യസ്ഥമല്ലാത്ത പ്രവചനമാണ്‌ യെഹെസ്കേൽ മൂപ്പന്മാരോടറിയിക്കുന്നത്. മിസ്രയീം മുതൽ നാളിതുവരെ യിസ്രായേൽ ദൈവത്തോടു കാണിച്ച അവിശ്വസ്തതയുടെ നേർക്കാഴ്ച വളരെ വ്യക്തമായി മൂപ്പൻമാരെ ധരിപ്പിക്കുവാൻ പ്രവാചകനായി. മ്ലേച്ഛതകളിലൂടെ ദൈവാപമാനം വരുത്തിയ യിസ്രായേലിന് ഉന്മൂലനാശം വരുത്താതിരിക്കുന്നതിന്റെ പിന്നിലെ കാരണം പ്രവാചകൻ വ്യക്തമാക്കുന്നുണ്ട്. “എങ്കിലും അവരുടെ ചുറ്റും പാർക്കയും ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാൻ എന്റെ നാമംനിമിത്തം പ്രവർത്തിച്ചു” (20:9) എന്ന പ്രസ്താവനയ്ക്ക് മാറ്റേറെയുണ്ട്. ദൈവത്തിന് തൻറെ കരുണയും കൃപയും തന്റെ ജനത്തിന്മേൽ ചൊരിയുവാൻ ജനപക്ഷത്തു നിന്നും കാര്യമായ യാതൊരടിസ്ഥാനവും സഹകരണവും ലഭിച്ചില്ല. എങ്കിലും അവിടുത്തെ വാഗ്ദത്തം നിറവേറ്റാതിരിക്കുവാൻ ദൈവത്തിനാകുകയുമില്ല. കാരണം, ദൈവത്തിന്റെ പ്രവൃത്തികളെല്ലാം പരസ്യവും ജാതികൾ കാൺകെയും ആയിരുന്നു. യിസ്രായേലിന്റെ ക്രിയാകാര്യാദികളുടെ അടിസ്ഥാനത്തിലുള്ള ദൈവിക ഇടപെടൽ ന്യായമായും പരിസമാപിക്കേണ്ടത് നിർമ്മൂലനാശത്തിലാണ്! എങ്കിലും ജാതികളുടെ സമക്ഷം യഹോവയുടെ നാമം ദുഷിക്കപ്പെടരുതെന്ന ദൈവിക നിർബന്ധം കരുണയുടെ രൂപത്തിൽ ജനങ്ങൾ ആവോളം രുചിച്ചറിഞ്ഞു എന്നല്ലാതെ മറ്റൊന്നുമല്ല തന്നെ!

പ്രിയരേ, ദൈവം നമ്മോടു കാണിക്കുന്ന കൃപാകടാക്ഷം പല സന്ദർഭങ്ങളിലും നമ്മുടെ സുകൃതമോ യോഗ്യതയോ അടിസ്ഥാനമാക്കിയല്ല, പ്രത്യുത, അവിടുത്തെ നാമം ജാതികളുടെ ഇടയിൽ അശുദ്ധമാകരുതെന്നുള്ള നിർബന്ധം മാത്രം അടിസ്ഥാനപ്പെടുത്തി ആയിരിക്കും! അത്തരം അവസരങ്ങളുടെ നന്മയും ദൈവേച്ഛയും തിരിച്ചറിഞ്ഞു അവിടുത്തോട് അടുത്തു ചെല്ലുന്നതാണ് ശരിയായ ഉൾക്കാഴ്ചയെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like