മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തി

0

മാപുടോ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്നു ക്രൈസ്തവരെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ആണ് ഇന്നലെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 6ന് എണ്‍പത്തിനാലു വയസ്സു പ്രായമുള്ള ഇറ്റാലിയന്‍ കന്യാസ്ത്രീ അരുംകൊല ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് മൂന്ന്‍ ക്രൈസ്തവര്‍ കൂടി അതിദാരുണമായി കൊല്ലപ്പെട്ടത്. സൈനീക യൂണിഫോമിലെത്തിയ തീവ്രവാദികള്‍ ജനങ്ങളെ ഒരുമിച്ച് കൂട്ടി അതില്‍ നിന്നും ക്രൈസ്തവരെ മാത്രം മാറ്റി നിര്‍ത്തി ഓരോരുത്തരേയായി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ റിപ്പോർട്ട്‌.

കൊല്ലപ്പെട്ടവരില്‍ ഒരാളുടെ സഹോദരനാണ് ഇക്കാര്യം പുറട്ടുവിട്ടത്‌. സൈനീക യൂണിഫോമിലെത്തിയ തീവ്രവാദികള്‍ തങ്ങളെ രക്ഷിക്കുവാനാണെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ ഒരുമിച്ച് കൂട്ടുകയായിരുന്നെന്നും, എല്ലാവരും ഒരുമിച്ച് കൂടിക്കഴിഞ്ഞപ്പോള്‍ ആരാണ് മുസ്ലീം, ആരാണ് ക്രിസ്ത്യാനി എന്ന് ചോദിക്കുകയും, ക്രൈസ്തവരെ മാറ്റി നിര്‍ത്തി അവരുടെ കൈകള്‍ പുറകില്‍ ബന്ധിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതില്‍ നിന്നും രക്ഷപ്പെട്ട ക്രൈസ്തവ വിശ്വാസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. സെപ്റ്റംബര്‍ 6, 7 തിയതികളിലായി മൊത്തം 11 ക്രൈസ്തവരാണ് മൊസാംബിക്കില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 6-ന് വടക്കന്‍ മൊസാംബിക്കിലെ നംബുല പ്രവിശ്യയിലെ ചിപ്പേനിലെ ഒരു ക്രിസ്ത്യൻ മിഷന്‍ കേന്ദ്രം ആക്രമിച്ച തീവ്രവാദികള്‍ ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ മരിയ ഡി കോപ്പിയെ കൊലപ്പെടുത്തിയതിന് പുറമേ ക്രിസ്ത്യൻ മിഷന്‍ ദേവാലയവും, ആരോഗ്യ പരിപാലന കേന്ദ്രവും അഗ്നിക്കിരയാക്കുകയും ചെയ്തു.

ഈ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൊസാംബിക്കില്‍ മതമൗലീകവാദപരമായ അജണ്ടകളുള്ള മുസ്ലീങ്ങള്‍ മോസ്കുകള്‍ സ്ഥാപിക്കുകയും മറ്റ് ഇസ്ലാം മതസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും, യഥാര്‍ത്ഥ മുസ്ലീങ്ങള്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം സൗഹാര്‍ദ്ദപരമായി ജീവിക്കുകയാണെന്ന് ബിഷപ്പ് വേര പറഞ്ഞു. 2017-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ ഏറ്റവും പുതിയ സെൻസസ് പ്രകാരം മൊസാംബിക്കിലെ ജനസംഖ്യയുടെ 59.8% ക്രൈസ്തവരും 18.9% മുസ്ലീങ്ങളുമാണ്.

You might also like