പ്രതിദിന ചിന്ത | പാതാളത്തിലെ ആശ്വാസം എന്ന പരിഹാസം

0

യെഹെ. 32:18 “മനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ചു അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.”

മിസ്രയീമിനെ കുറിച്ചുള്ള വിലാപം (32:1-16), അഗ്രചർമ്മികളും ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയവരുമായ ജാതികളുടെ സമാനമായ നാശത്തിന്റെ ചിത്രം (32:17-32) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

“പന്ത്രണ്ടാം ആണ്ട്, പന്ത്രണ്ടാം മാസം ഒന്നാം തീയതി” (32:1) അഥവാ യെരുശലേമിന്റെ പ്രവാസത്തിനു ഒരു വർഷവും ഏഴുമാസവും കഴിഞ്ഞിട്ട് (ബി സി 585 മാർച്ച് മാസം) പ്രവാചകനായ യെഹെസ്കേലിനു യഹോവയിൽ നിന്നുണ്ടായ അരുളപ്പാടാണ് ഈ അദ്ധ്യായം. ജാതികളിൽ ബാലസിംഹവും കടലിലെ മഹാനക്രമെന്ന വിശേഷണത്തിന് യോഗ്യയുമായിരുന്നു മിസ്രയീം. എന്നാൽ അതിന്റെ കുറിയ്ക്കപ്പെട്ട തകർച്ചയുടെ പശ്ചാത്തലത്തിൽ പ്രവാചകൻ നടത്തുന്ന വിലാപം ശ്രദ്ധേയമായ പ്രമേയങ്ങളിലൂടെയുള്ള സഞ്ചാരം തന്നെയാണ്. മിസ്രയീം പാതാളത്തിലേക്കു ഇറങ്ങിപ്പോയെന്ന (32:18) വസ്തുത പ്രവാചകൻ ചൂണ്ടിക്കാണിക്കുന്നു. അവൾ നിപതിക്കപ്പെട്ട പാതാളത്തിലാകട്ടെ, അവൾക്കു സമാനമായി വീണുകിടക്കുന്ന അശൂർ (32:22), ഏലാം (32:24), മേശക്, തൂബൽ (32:26), എദോം (32:29), വടക്കേ പ്രഭുക്കന്മാർ, സീദോന്യർ (32:30) മുതലായ അന്യജാതിക്കാരായ അഗ്രചർമ്മികൾ മിസ്രയീമിനു സ്വാഗതമോതുവാൻ അവിടെ എത്തിയിട്ടുണ്ടെന്നു മിസ്രയീം തിരിച്ചറിയുന്നു. താൻ മാത്രമല്ല, തന്നെപ്പോലെ നിരവധി രാജാക്കന്മാരും പ്രഭുക്കന്മാരും അവിടെ എത്തിയിട്ടുണ്ടെന്ന “ആശ്വാസം” മിസ്രയീം പ്രാപിക്കുമെന്നു പരിഹാസദ്യോതക പ്രയോഗമായി പ്രവചകൻ പ്രസ്താവിക്കുന്നു. അവർ കിടക്കുന്ന പാതാളത്തിന്റെ ചിത്രീകരണം “കുഴി” (32:18, 24-25, 29-30) എന്ന നിലയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. വീരന്മാരിൽ ബലവാന്മാരായിരുന്നവർ (31:21) ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയിരുന്നവരും (32:23,24 ,25,27) വല്ലഭത്വം ഉള്ളവരും ആയിരുന്നു (32:30). എങ്കിലും അവരെല്ലാവരും ഒരുപോലെ പാതാളത്തിൽ അഥവാ കുഴിയിൽ ഇറങ്ങിപ്പോയെന്ന വസ്തുത എക്കാലത്തേക്കുമുള്ള ചൂണ്ടുപലകയായി കാണുന്നതാണെനിക്കിഷ്ടം!

പ്രിയരേ, പ്രാബല്യവും ആർക്കും പ്രതിരോധിക്കാനാവാത്ത ചങ്കുറപ്പും ഉണ്ടായിരുന്ന നിരവധി രാജാക്കന്മാരെയും ഉന്നത സ്ഥാനീയരെയും ഈ അദ്ധ്യായത്തിന്റെ വരികളിൽ വായിച്ചെടുക്കാനാകുന്നുണ്ട്. അവരുടെ വൈദഗ്ധ്യം യുദ്ധമുന്നണിയിൽ ഏറെ പ്രകടമായിരുന്നെങ്കിലും പാതാളത്തിൽ അതെല്ലാം തുലോം ഉപയോഗശൂന്യവും അവരുടെ വല്ലഭത്വം നിഷ്ഫലവുമായി പരിണമിച്ചു. “നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല” (സഭാ. 9:10) എന്ന ജ്ഞാനിയുടെ വാക്കുകൾ ചേർത്തു ധ്യാനിച്ചാലും!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like