
പ്രതിദിന ചിന്ത | കെരൂബുകളും ഈന്തപ്പനയും മനുഷ്യമുഖവും ബാലസിംഹമുഖവും
യെഹെ. 41:17 “അകത്തെ ആലയത്തിൻ വാതിലിന്റെ മേൽഭാഗംവരെയും പുറമെയും ചുറ്റും എല്ലാചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.”
സഹസ്രാബ്ദ കാലത്തു യിസ്രായേലിൽ സ്ഥാപിതമാകുന്ന ദൈവാലയത്തിന്റെ തുടരുന്ന അളവെടുപ്പെന്ന (41:1-26) പ്രമേയത്തിന്റെ വായനയാണ് ഈ അദ്ധ്യായം.
ആലയത്തിന്റെ ഒരിടം പോലും വിട്ടുകളയാതെ അളവെടുപ്പു പുരോഗമിക്കുന്നു. അങ്ങനെ അകത്തെ ആലയത്തിൽ (41:17) താമ്രം പോലെയുള്ള പുരുഷനും (40:3) യെഹെസ്കേലും വന്നു നിൽക്കുന്നു. വാതിലിന്റെ മേൽഭാഗം വരെയും പുറമെയും ചുറ്റും എല്ലാ ചുവരിന്മേലും അകത്തും പുറത്തും ഒരേപോലെ ചിത്രപ്പണികളാൽ അലംകൃതമായിരുന്നു. കെരൂബുകളും ഈന്തപ്പനകളും കൊത്തിവയ്ക്കപ്പെട്ട ആലയം സമാഗമന കൂടാരത്തെയും (പുറ. 25:18-22; 26:1) ശലോമോന്റെ ആലയത്തെയും (1 രാജാ. 6:29-35) സ്മരണ ഉണർത്തും വിധമുള്ളതാണ്. ഈന്തപ്പന ജീവിതത്തിലെ സമൃദ്ധിയുടെയും അനുഗ്രഹങ്ങളുടെയും കെരൂബുകൾ സുരക്ഷയുടെയും ശരണത്തിന്റെയും രൂപകമായി അഥവാ പ്രാതിനിധ്യമായി പഠിയ്ക്കുന്നതാണെനിക്കിഷ്ടം. ഇനിയും കെരൂബുകളുടെ രണ്ട് മുഖങ്ങൾ പ്രതിനിധീകരിക്കുന്ന രണ്ട് തരം ജീവിതങ്ങളെ ശ്രദ്ധിച്ചാലും! ഒന്ന് മനുഷ്യമുഖവും മറ്റൊന്ന് ബാലസിംഹമുഖവുമാണ്. മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ഇങ്ങനെ ആലയത്തിന്റെ ചുറ്റും എല്ലാടവും ഇപ്രകാരം ഉണ്ടാക്കിയിരുന്നു (41:18). തന്റെ പ്രവചന ശുശ്രൂഷയുടെ പ്രാരംഭത്തിൽ പ്രവാചകൻ കണ്ട കെരൂബിന്റെ നാലു മുഖങ്ങൾ (10:14) ഇവിടെ പ്രസ്താവ്യമാണ്. വെളിപ്പാട് 4:7 ലും സമാനമായ പരാമർശം വായിക്കുന്നുണ്ട്. എന്നാൽ ഇവിടെ, നാലു മുഖങ്ങളിൽ രണ്ടെണ്ണം മാത്രമേ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്ന വസ്തുത ശ്രദ്ധിച്ചാലും! മനുഷ്യമുഖമാകട്ടെ, ജീവിതത്തിന്റെ പൂർണ്ണമായ സാക്ഷാത്കാരത്തെയും ബാലസിംഹ മുഖമാകട്ടെ, ദൈവത്തിന്റെ രാജകീയ ആധിപത്യത്തിന്റെ തികഞ്ഞ പ്രവർത്തനനിരതയെയും പ്രതീകാത്മകമായി ചൂണ്ടിക്കാണിക്കുന്നു എന്നു കുറിയ്ക്കുവാനാണ് പ്രേരണ!
പ്രിയരേ, “മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടു കൂടെ വസിക്കും” (വെളി. 21:3) എന്ന ദൈവിക നിർണ്ണയത്തിന്റെ നാളുകൾ വിദൂരമല്ല. അന്നാളിൽ മനുഷ്യ പ്രകൃതിയുടെ മേൽ ദൈവാധിപത്യം സ്ഥാപിതമാകുമ്പോൾ ഉളവാകുന്ന അഭിവൃദ്ധികൾ വർണ്ണിക്കുവാൻ തക്ക പദവിശാലത എളിയ തൂലികയ്ക്കില്ലെന്ന വസ്തുത തുറന്നു കുറിയ്ക്കട്ടെ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.